ഇപ്പോഴുള്ളവന്‍മാരൊന്നും ഫുട്‌ബോള്‍ കളിക്കാരല്ല, അവനെ തിരികെ വിളിക്കണം; പി.എസ്.ജിയിലെ പ്രശ്‌നം തീര്‍ക്കാന്‍ വഴിയുപദേശിച്ച് മുന്‍ മാനേജര്‍
Sports News
ഇപ്പോഴുള്ളവന്‍മാരൊന്നും ഫുട്‌ബോള്‍ കളിക്കാരല്ല, അവനെ തിരികെ വിളിക്കണം; പി.എസ്.ജിയിലെ പ്രശ്‌നം തീര്‍ക്കാന്‍ വഴിയുപദേശിച്ച് മുന്‍ മാനേജര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 14th March 2023, 10:41 pm

മുമ്പ് ടീമിനൊപ്പമുണ്ടായിരുന്ന സൂപ്പര്‍ താരം ആഡ്രിയാന്‍ റാബിയോട്ടിനെ വീണ്ടും പി.എസ്.ജിയിലേക്കെത്തിക്കാന്‍ ആവശ്യപ്പെട്ട് മുന്‍ മാനേജറും താരവുമായിരുന്ന ലൂയീസ് ഫെര്‍ണാണ്ടസ്.

നിലവില്‍ യുവന്റസിനായി കളിക്കുന്ന റാബിയോട്ടിനെ ഉടന്‍ ടീമിലെത്തിക്കണമെന്നും മധ്യനിരയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ യുവന്റസിന്റെ സ്റ്റാര്‍ട്ടിങ് ലൈന്‍ അപ്പിലെ പ്രധാന താരമാണ് റാബിയോട്ട്. യുവന്റസിനായി സീസണില്‍ കളിച്ച 31 മത്സരത്തില്‍ നിന്നും ഒമ്പത് ഗോളും രണ്ട് അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

belN Sportsന് നല്‍കിയ അഭിമുഖത്തിലായിരുന്നു റാബിയോട്ടിനെ വീണ്ടും ടീമിലെത്തിക്കാന്‍ ഫെര്‍ണാണ്ടസ് ആവശ്യപ്പെട്ടത്. യുവന്റസില്‍ താരത്തിന്റെ കരാര്‍ നാല് മാസത്തിനുള്ളില്‍ അവസാനിക്കുമെന്നും രണ്ടാമതൊന്നാലോചിക്കാതെ അവനെ വീണ്ടും പാരീസിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘അവന്‍ പി.എസ്.ജിയിലേക്ക് മടങ്ങിയെത്തണം, കാരണം അവനൊരു മാറ്റത്തിനായുള്ള ശ്രമത്തിലാണ്. അവന്‍ മികച്ച താരമാണ്. മടക്കത്തിന് ശേഷം വളരെ മികച്ച രീതിയിലാണ് അവന്‍ കളിക്കുന്നത്.

അവന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡനായി ടീം വിടുന്ന ഘട്ടം വരെയെത്തി, അവന് ചെറിയ തോതിലുള്ള പിഴവ് സംഭവിച്ചിരുന്നു. എന്നാലിപ്പോള്‍ യുവന്റസിനെ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ്. ലോകകപ്പില്‍ ഫ്രാന്‍സിനായി മികച്ച പ്രകടനവും അവന്‍ പുറത്തെടുത്തിരുന്നു.

റാബിയോട്ട് നേരത്തെ പി.എസ്.ജിയുടെ കുപ്പായമണിഞ്ഞവനാണ്, നമുക്കവനെ തിരികെ കൊണ്ടുവന്നേ മതിയാകു. മധ്യനിരയില്‍ ഇപ്പോഴുള്ളവന്‍മാര്‍ ഇനി വേണ്ട. തങ്ങളെക്കൊണ്ട് പറ്റാത്തത് ചെയ്യുന്ന രണ്ട്, മൂന്ന് പേര്‍ ടീമിലുണ്ട്. അവര്‍ ഫുട്‌ബോള്‍ കളിക്കാരല്ല. അവന്‍ തിരികെയെത്തണം.

നിങ്ങളവനോട് ചോദിക്കൂ. അവന്‍ മികച്ച താരമാണ്. അവനെ വീണ്ടും പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ കാണണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം അവന്‍ അത്രത്തോളം ക്വാളിറ്റി ഉള്ള താരമാണ്. ക്ലബ്ബിന്റെ രൂപീകരണത്തിനിടെ അവന്‍ ടീമിനൊപ്പമുണ്ടായിരുന്നു. അവനെ വീണ്ടും ടീമിനൊപ്പം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ഫെര്‍ണാണ്ടസ് പറഞ്ഞു.

 

 

നേരത്തെ, പി.എസ്.ജിക്കായി 227 മത്സരത്തിലാണ് റാബിയോട്ട് ബൂട്ടുകെട്ടിയത്. ഈ മത്സരത്തില്‍ നിന്നും 24 ഗോള്‍ സ്വന്തമാക്കിയ താരം 14 അസിസ്റ്റും തന്റെ പേരില്‍ കുറിച്ചിരുന്നു. ഇതിനെല്ലാം പുറമെ പി.എസ്.ജിയുടെ 20 കിരീടനേട്ടത്തിലും റാബിയോട്ട് പങ്കാളിയായിരുന്നു.

 

Content Highlight: Former PSG manager Luis Fernandez urges PSG to sign Adrien Rabiot