എംബാപ്പെ അല്ല, മെസി തന്നെയാണ് മികച്ചത്; വിശദീകരിച്ച് മുന്‍ പി.എസ്.ജി താരം
Football
എംബാപ്പെ അല്ല, മെസി തന്നെയാണ് മികച്ചത്; വിശദീകരിച്ച് മുന്‍ പി.എസ്.ജി താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 20th April 2023, 8:14 pm

ആധുനിക ഫുട്ബോളില്‍ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ പ്രകടന മികവ് കൊണ്ട് മുന്നേറുമ്പോഴും അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി തന്നെയാണ് മികച്ചതെന്ന് പ്രസ്താവിക്കുകയാണ് പി.എസ്.ജിയുടെ മുന്‍ ഡിഫന്‍ഡിങ് താരം മാക്സ്വെല്‍.

മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ടിനൊപ്പം അടുത്ത പത്ത് വര്‍ഷം ഫുട്ബോളില്‍ തിളങ്ങി നില്‍ക്കാന്‍ കഴിവുള്ള താരമാണ് എംബാപ്പെയെന്നും എന്നാല്‍ മെസിയുടെ തട്ട് ഇവര്‍ക്കിടയില്‍ താണുതന്നെ കിടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് മീഡിയ ഔട്ലെറ്റായ കനാല്‍ പ്ലസിനോടാണ് മാക്സ്വെല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എന്നെ സംബന്ധിച്ച് മെസിയാണ് എക്കാലത്തെയും മികച്ച ഫുട്ബോളര്‍. എന്നാല്‍ എര്‍ലിങ് ഹാലണ്ടിനെ കുറിച്ച് പറയുന്നത് പോലെ അടുത്ത പത്ത് വര്‍ഷം ഫുട്ബോളില്‍ തിളങ്ങി നില്‍ക്കാന്‍ പോകുന്ന താരമാണ് എംബാപ്പെ. ഈ രണ്ട് താരങ്ങള്‍ക്കും ഭാവിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും മെസിയുടെയും സ്ഥാനം കവര്‍ന്നെടുക്കാനുള്ള കഴിവും മികവുമുണ്ട്. തള്ളിക്കളയാനാകാത്ത പ്രതിഭയുള്ള താരമാണ് എംബാപ്പെ,’മാക്സ്വെല്‍ പറഞ്ഞു.

അതേസമയം പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ മികച്ച പ്രകടനമാണ് മെസിയും എംബാപ്പെയും കാഴ്ചവെക്കുന്നത്. ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പി.എസ്.ജി വിജയിച്ചിരുന്നു. ലെന്‍സിനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം. മത്സരത്തില്‍ മെസി, എംബാപ്പെ, വിറ്റിന്‍ഹ എന്നിവര്‍ പി.എസ്.ജിക്കായി ഓരോ ഗോള്‍ വീതം നേടി.

ഈ സീസണില്‍ പാരിസ് ക്ലബ്ബിനായി 35 മത്സരങ്ങള്‍ കളിച്ച മെസി 20 ഗോളുകളും 17 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. ലീഗ് വണ്ണില്‍ 27 മത്സരങ്ങൡല്‍ 20 ഗോളുകളാണ് എംബാപ്പെ അക്കൗണ്ടിലാക്കിയിരിക്കുന്നത്.

അതേസമയം ലീഗ് വണ്ണില്‍ നിലവില്‍ 31 മത്സരങ്ങളില്‍ നിന്നും 23 വിജയങ്ങളോടെ 72 പോയിന്റുമായി ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി. ഏപ്രില്‍ 22ന് എയ്‌ഞ്ചേഴ്‌സിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights: Former PSG defending player Maxwell praises Lionel Messi