| Monday, 3rd June 2024, 12:54 pm

കുവൈത്തിന് പുതിയ കീരീടാവകാശി; സത്യപ്രതിജ്ഞ ചെയ്ത് ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്. ശനിയാഴ്ചയാണ് അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഒപ്പുവെച്ച ഉത്തരവ് കുവൈത്ത് പുറത്തിറക്കുന്നത്.

നവാഫ് അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ മരണത്തെത്തുടര്‍ന്ന് ഡിസംബര്‍ 16ന് ഷെയ്ഖ് മിഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹ് കുവൈറ്റ് അമീറായിരുന്നു. കീരിടാവകാശിയെ തെരഞ്ഞെടുക്കാന്‍ അധികാരത്തില്‍ പ്രവേശിച്ചതിന് ശേഷം അമീറിന് ഒരു വര്‍ഷം സമയമുണ്ടായിരുന്നു. കിരീടാവകാശിയായി തെരഞ്ഞെടുക്കപ്പെടുന്ന നോമിനി അല്‍-സബാഹ് കുടുംബത്തിലെ മുതിര്‍ന്ന അംഗമായിരിക്കണമെന്നും നിബന്ധനയുണ്ടായിരുന്നു.

ഞായറാഴ്ച അമീറിന് മുമ്പാകെ കിരീടാവകാശി ഭരണഘടനപരമായി സത്യപ്രതിജ്ഞ ചെയ്തു. അല്‍ ഹമദ് അല്‍ സബാഹ് 2006 മുതല്‍ 2019 വരെ കുവൈത്തിന്റെ വിദേശകാര്യമന്ത്രിയും 2019 മുതല്‍ 2022 വരെ പ്രധാനമന്ത്രിയുമായിരുന്നു.

കൊവിഡ് കാലത്ത് കുവൈത്തിലെ സ്വദേശികളെയും വിദേശികളെയും ചേര്‍ത്തുപിടിച്ച പ്രധാനമന്ത്രി എന്ന നിലയിലാണ് ശൈഖ് സബാഹ് കൂടുതല്‍ അറിയപ്പെടുന്നത്.

2006ല്‍ കിരീടാവകാശിയായികൊണ്ട് അല്‍-ജാബര്‍, അല്‍-സലിം വംശങ്ങള്‍ക്കിടയില്‍ അധികാരം തുടരുന്ന പാരമ്പര്യത്തെ മുന്‍ അമീര്‍ തകര്‍ത്തിരുന്നു. മുന്‍ അമീര്‍മാരായ ജാബര്‍ അല്‍-സബയുടെയും സലിം അല്‍-സബയുടെയും പിന്‍ഗാമികളാണ് ഈ രണ്ട് വംശങ്ങളും.

അവരുടെ പിതാവ് ഷെയ്ഖ് മുബാറക് അല്‍-സബാഹ് ആധുനിക കുവൈത്തിന്റെ സ്ഥാപകനെന്നാണ് അറിയപ്പെടുന്നത്. രാജ്യത്തെ ഭരണാധികാരികള്‍ ഷെയ്ഖ് മുബാറക്കിന്റെ പിന്‍ഗാമികളായിരിക്കണമെന്ന് കുവൈത്ത് ഭരണഘടന അനുശാസിക്കുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ഏക പാര്‍ലമെന്റ് കുവൈത്തിലാണ്. അതേസമയം രാജ്യത്തെ എല്ലാ കാര്യങ്ങളിലും അധികാരം കൈയാളുന്നത് രാഷ്ട്രത്തലവനായ അമീറാണ്.

Content Hhighlight: Former Prime Minister Sheikh Sabah Khalid Al Hamad Al Sabah is the new Crown Prince of Kuwait

We use cookies to give you the best possible experience. Learn more