|

'മരണം മായ്ക്കാത്ത മുറിവുകള്‍'; പ്രണബിന്റെ ആര്‍.എസ്.എസ് ബന്ധം ചര്‍ച്ചയാകുമ്പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ആര്‍.എസ്.എസുമായുള്ള ബന്ധവും ചര്‍ച്ചയാകുന്നു.

പ്രണബ് മുഖര്‍ജിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് ആര്‍.എസ്.എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് പ്രതികരിച്ചത്.  പ്രണബ് മുഖര്‍ജി എന്നും സംഘ്പരിവാറിനുള്ള വഴികാട്ടിയായിരുന്നു എന്നായിരുന്നു.

പ്രണബ് രാഷ്ട്രീയ അസ്പൃശ്യത പുലര്‍ത്തുന്ന ആളായിരുന്നില്ലെന്നും സംഘ്‌സംഘടനയോട് എന്നും സ്‌നേഹം വെച്ചുപുലര്‍ത്തിയ വ്യക്തിയായിരുന്നുവെന്നുമാണ് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുരേഷ് ബയ്യാജി ജോഷിയും അനുസ്മരിച്ചത്.

നാഗ്പൂരിലെ ആര്‍.എസ്.എസ് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ പ്രണബ് പോകുന്നുവെന്ന് അറിഞ്ഞപ്പോള്‍ എതിര്‍പ്പുമായി നിരവധി പേര്‍ അന്ന് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ നിന്നുവരെ അതില്‍ എതിര്‍പ്പ് ഉയര്‍ന്നു. അച്ഛന്റെ നിലപാടിനെ വിമര്‍ശിച്ച് മകളും രംഗത്തെത്തി. എന്നാല്‍ തന്റെ നിലപാടുകളാണ് ആര്‍.എസ്.എസ് ആസ്ഥാനത്ത് പറയുകയെന്ന് പ്രണബ് നിലപാടെടുത്തു.

നാഗ്പൂരിലെ രശ്മി ഭാഗിലെ ആസ്ഥാനത്ത് ആര്‍.എസ്.എസ് നടത്തുന്ന മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ത്രിതീയ വര്‍ഷ് വര്‍ഗ് കോഴ്‌സിന്റെ സമാപന സമ്മേളനത്തിലാണ് മുഖര്‍ജി മുഖ്യാതിഥിയായത്. പിന്നീട് പ്രണബ് മുഖര്‍ജി ഫൗണ്ടേഷന്റെ ഉദ്ഘാടന ചടങ്ങിലേക്ക് മുതിര്‍ന്ന സംഘ്പരിവാര്‍ നേതാക്കളെ പ്രണബ് മുഖര്‍ജിയും ക്ഷണിച്ചിരുന്നു.

രാഷ്ട്രപതി പദത്തിന്റെ അവസാന നാളുകളില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് മുഖര്‍ജിയെ വിളിക്കുകയും തിരിച്ച് മുഖര്‍ജി മോഹന്‍ ഭാഗവതിനെ രാഷ്ട്രപതി ഭവനില്‍ ഉച്ചയൂണിന് ക്ഷണിക്കുകയും ചെയ്തു. ജനാധിപത്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ വ്യത്യസ്ത രാഷ്ട്രീയ ധാരയുമായി സംവദിച്ചുകൊണ്ടേ ഇരിക്കണമെന്ന നിലപാടായിരുന്നു പ്രണബ് അക്കാലത്ത് സ്വീകരിച്ചത്.

രാഷ്ട്രപതിയായിരിക്കെ അവസാന സമയങ്ങളില്‍ സംഘപരിവാറിന് അനുകൂലമാകുന്ന തരത്തില്‍ തുടര്‍ച്ചയായ പല നിലപാടുകളും പ്രണബ് കൈ കൊണ്ടിരുന്നു. ആര്‍.എസ്.എസ് സ്ഥാപക സര്‍സംഘ് ചാലക് ആയിരുന്ന ഹെഡ്‌ഗേവാറിന്റെ ജന്മസ്ഥലത്തെത്തിയ പ്രണബ് മുഖര്‍ജി അദ്ദേഹം ഇന്ത്യയുടെ മഹദ്പുത്രനാണെന്നായിരുന്നു സന്ദര്‍ശക പുസ്തകത്തില്‍ രേഖപ്പെടുത്തിയത്.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് എക്കാലത്തും വാദിച്ച, മുസ്‌ലീംങ്ങള്‍ വിനാശകാരികളായ പാമ്പുകളാണെന്ന് വിശേഷിപ്പിച്ച ഹെഡ്‌ഗേവാറിനെയായിരുന്നു പ്രണാബ് അന്ന് മഹദ്പുത്രനായി വിശേഷിപ്പിച്ചത്. 2018 ജൂണിലായിരുന്നു പ്രണാബ് നാഗ്പൂരിലെത്തിയത്. ഹെഡ്‌ഗേവാറിന്റെ ജന്മസ്ഥലമായ വീടിന്റെ ബാല്‍ക്കണിയില്‍ മോഹന്‍ ഭാഗവതിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ഹെഡ്‌ഗേവാറിന്റെ പ്രതിമയില്‍ പുഷ്പമാല ചാര്‍ത്തുകയും ചെയ്തിരുന്നു.

ഇതിനിടെ രാഷ്ട്രപതിയായിരിക്കുമ്പോള്‍ പ്രണബ് ഒപ്പിട്ട ഒരു മരണവാറന്റും ചര്‍ച്ചയാകുകയാണ്. 2001 ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍ പ്രണബ് മുഖര്‍ജിയായിരുന്നു അനുമതി നല്‍കിയത്. ഭീകരാക്രമണത്തില്‍ അഫ്‌സല്‍ ഗുരുവിനുള്ള പങ്കാളിത്തം നിയമത്തിന് മുന്‍പില്‍ സംശയാതീതമായി തെളിയിക്കാന്‍ സാധിക്കാതെയായിരുന്നു 2013 ഫെബ്രുവരി ഒന്‍പതിന് അഫ്‌സല്‍ ഗുരുവിനെ തീഹാര്‍ ജയിലില്‍ വെച്ച് അതീവ രഹസ്യമായി തൂക്കിലേറ്റിയത്.

2005ലായിരുന്നു അഫ്‌സല്‍ ഗുരുവിന് സുപ്രീം കോടതി വധശിക്ഷ വിധിച്ചത്. ഏതെങ്കിലും തീവ്രവാദ സംഘടനകളിലോ പ്രസ്ഥാനങ്ങളിലോ അഫ്‌സല്‍ ഗുരു ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിന് വ്യക്തമായ രേഖകളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും രാജ്യത്തെ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ വധശിക്ഷ ശരിവെക്കുന്നു എന്നായിരുന്നു അന്ന് സുപ്രീം കോടതി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight; Former president Pranab Mukherjees RSS relation discussed