| Friday, 14th August 2020, 2:24 pm

പ്രണബ് മുഖര്‍ജിയുടെ നില ഗുരുതരം; ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് ആശുപത്രി അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മസ്തിഷ്‌ക ശസ്ത്രക്രിയ്ക്ക് ശേഷം ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിലമാറ്റമില്ലാതെ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍. ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണെന്നും നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

അതേസമയം അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും മോശം നിലയിലേക്ക് ആയിട്ടില്ലെന്നും മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി പറഞ്ഞു. വെളിച്ചത്തോട് അദ്ദേഹത്തിന്റെ കണ്ണുകള്‍ പ്രതികരിക്കുന്നതില്‍ പുരോഗതിയുണ്ടെന്നും അവര്‍ പറഞ്ഞു.

അതേസമയം പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നിലമയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ മകന്‍ അഭിജിത് മുഖര്‍ജി രംഗത്തെത്തിയിരുന്നു.

തന്റെ പിതാവ് ഇപ്പോഴും ജീവനോടെയുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ചിലര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അഭിജിത് പറഞ്ഞു.

ദയവുചെയ്ത് ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പോലും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. വ്യാജവാര്‍ത്തകളുടെ കേന്ദ്രമാണ് മീഡിയ എന്ന് ഇതിലൂടെ വ്യക്തമാക്കപ്പെടുകയാണെന്നും അഭിജിത് ട്വിറ്ററില്‍ കുറിച്ചു.

പ്രണബ് മുഖര്‍ജി കോമയിലാണെന്നും മരണപ്പെട്ടുവെന്നുമുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി വ്യാജ പോസ്റ്റുകള്‍ വന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു അഭിജിത്തിന്റെ പ്രതികരണം.

മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രണബ് മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ദല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്റ് റെഫറല്‍ ആശുപത്രിയിലാണ് പ്രണബ് ഇപ്പോഴുള്ളത്. 84 കാരനായ മുന്‍ രാഷ്ട്രപതിയുടെ പരിചരണത്തിന് ഡോക്ടര്‍മാര്‍ നിരന്തരം പരിശോധനകളുമായി അടുത്തുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Hospital says the condition of Pranb Mukherjee continue unchanged, in critical situation

We use cookies to give you the best possible experience. Learn more