ന്യൂദല്‍ഹി: അടുത്ത മാസം നടക്കുന്ന ആര്‍.എസ്.എസ് പരിശീലന പരിപാടിയില്‍ മുഖ്യാതിഥിയായി മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി. നാഗ്പൂരില്‍ ജൂണ്‍ 7ന് നടക്കാനിരിക്കുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരെ മുഴുവന്‍ സമയ പ്രചാരകരാക്കി ഉയര്‍ത്തുന്ന പരിശീലന പരിപാടിയിലാണ് മുന്‍ രാഷ്ട്രപതി സംസാരിക്കുക.
ആര്‍.എസ്.എസിന്റെ ക്ഷണം പ്രണബ് മുഖര്‍ജി സ്വീകരിച്ചതായി ആര്‍.എസ്.എസിന്റെ അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് അരുണ് കുമാര്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രണബ് മുഖര്‍ജി ക്ഷണം സ്വീകരിച്ചത് രാജ്യത്തിന് പ്രധാനപ്പെട്ട സന്ദേശമാണ് നല്‍കുന്നതെന്ന് ബി.ജെ.പി എം.പി രാകേഷ് സിന്‍ഹ.
Read | സ്വയംഭരണത്തിന്റെ നാല് വര്‍ഷങ്ങള്‍: കേരളത്തിനെ പഠിപ്പിച്ചതെന്ത്?
“മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരില്‍ നടക്കുന്ന ആര്‍.എസ്.എസ് പരിപാടിയിലേക്കുള്ള ക്ഷണം സ്വീകരിച്ചിട്ടുണ്ട്. പരസ്പരം ശത്രുക്കളല്ല എന്ന സന്ദേശമാണ് ക്ഷണം സ്വീകരിച്ചതിലൂടെ അദ്ദേഹം രാജ്യത്തിന് നല്‍കുന്നത്. അദ്ദേഹം ക്ഷണം സ്വീകരിച്ചതോടെ ഹിന്ദുത്വയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമായിരിക്കുകയാണ്.” – രാകേഷ് സിന്‍ഹ പറഞ്ഞു.
45 വയസിന് താഴെയുള്ള എണ്ണൂറോളം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗ്‌വതും പരിശീലന പരിപാടിയില്‍ സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പ്രണബ് മുഖര്‍ജി 2012 മുതല്‍ 2017 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു. 1969 മുതല്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.