മുന്‍ രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണന്റെ ചെറുമകന്‍ ബി.ജെ.പിയിലേക്ക്
national news
മുന്‍ രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണന്റെ ചെറുമകന്‍ ബി.ജെ.പിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th January 2019, 8:45 am

ബെംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ചെറുമകന്‍ ബി.ജെ.പിയിലേക്ക്. ചെറുമകന്‍ സുബ്രഹ്മണ്യ ശര്‍മയാണ് ബി.ജെ.പിയില്‍ ചേരുന്നത്.

കര്‍ണാടകയിലെ ബി.ജെ.പി ആസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ശേഷം സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പയുടെ സാന്നിധ്യത്തിലാകും സുബ്രഹ്മണ്യ ശര്‍മയുടെ പാര്‍ട്ടി പ്രവേശനം.

നേരത്തെ, ആള്‍ ഇന്ത്യാ മഹിള എംപവര്‍മെന്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി നിയമസഭ തെരഞ്ഞെടുപ്പില്‍ സുബ്രഹ്മണ്യ ശര്‍മ മല്‍സരിച്ചിരുന്നെങ്കിലും തോറ്റിരുന്നു.


അതേസമയം, ബെംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നടന്‍ പ്രകാശ് രാജ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആദ്യ ഘട്ടമായി ശിവജി നഗറിലെ കോളനികളില്‍ പ്രകാശ് രാജ് സന്ദര്‍നം നടത്തിയത്. പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തേണ്ടത് എന്തൊക്കെയെന്ന് അറിയാനാണ് ആദ്യഘട്ട പര്യടനം.

എവിടെയെങ്കിലും ജനങ്ങളുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കണം എന്നുള്ളതു കൊണ്ടാണ് താന്‍ രാഷ്ട്രീയത്തിലേയ്ക്ക് വന്നതെന്ന് പ്രകാശ് രാജ് പറഞ്ഞു. “ഞാന്‍ ബി.ജെ.പിയുടെ വാഴ്ച നിര്‍ത്തലാക്കാന്‍ ശ്രമിക്കുന്നയാളാണ്. കോണ്‍ഗ്രസിന് അങ്ങനെ വേണമെന്നുണ്ടെങ്കില്‍ അവര്‍ എന്നെ പിന്തുണക്കട്ടെ”. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് തടയണമെന്നുണ്ടെങ്കില്‍ കോണ്‍ഗ്രസിന് തന്നെ പിന്തുണക്കാമെന്നും പ്രകാശ് രാജ് പറഞ്ഞു.


“ഞങ്ങളുടെ പ്രകടന പത്രിക എന്നുള്ള അഹങ്കാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്തിനാണ്. ഇവിടെ 70 വര്‍ഷത്തെ പ്രശ്‌നങ്ങള്‍ അതുപോലെ തുടരുകയാണ്. ഏതു രാഷ്ട്രീയ പാര്‍ട്ടി വന്നാലും അവര്‍ മതത്തിന്റേയും ജാതിയുടേയും പേരില്‍ ധ്രുവീകരണം നടത്തുകയാണ്.

പക്ഷേ, നമ്മള്‍ ഒരു തീരുമാനമെടുക്കണം. ഇത് ജനങ്ങളുടെ രാഷ്ട്രീയമാണ്. എനിക്ക് ജനങ്ങളുടെ പ്രശ്‌നമറിയാം. പക്ഷേ, ഞാന്‍ മനസ്സിലാക്കിയത് ശരിയാണോ എന്നറിയാനാണ് ജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് പ്രകടന പത്രിക തയ്യാറാക്കുന്നത്”- പ്രകാശ് രാജ് പറഞ്ഞു.