| Saturday, 6th November 2021, 9:38 am

27 വര്‍ഷം മുമ്പ് വനിതാ അഭിഭാഷകയെ കയ്യേറ്റം ചെയ്ത സംഭവം; ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കുറ്റക്കാരനെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 27 വര്‍ഷം മുമ്പ് വനിതാ അഭിഭാഷകയെ കയ്യേറ്റം ചെയ്ത കേസില്‍ ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് രാജീവ് ഖോസ്‌ല കുറ്റക്കാരനെന്ന് ദല്‍ഹി കോടതി വിധി. അഭിഭാഷകരുമായി ബന്ധപ്പെട്ട കേസുകള്‍ വരുമ്പോള്‍ പൊലീസുകാര്‍ നടപടിയെടുക്കുന്നത് ഏറെ വൈകിയാണെന്നും കോടതി വിമര്‍ശിച്ചു.

1990കളില്‍ ദല്‍ഹിയിലെ ടിസ് ഹസാരി കോടതിയില്‍ അഭിഭാഷകയായിരുന്ന സുജാത കോഹ്‌ലിയാണ് പരാതിക്കാരി. 1994 ആഗസ്റ്റ് 5നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

1994ല്‍ അന്ന് ദല്‍ഹി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആയിരുന്ന ഖോസ്‌ല വിവിധ വിഷയങ്ങളിന്മേല്‍ പ്രകടനങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കും പോകാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നു എന്നാണ് അഭിഭാഷക അവരുടെ പരാതിയില്‍ പറഞ്ഞിരുന്നത്.

കുടുംബ കോടതികള്‍ വരുന്നതിനോട് താന്‍ പിന്തുണ അറിയിച്ചപ്പോള്‍ ഖോസ്‌ല അതിന് എതിരായിരുന്നെന്നും അവര്‍ വിചാരണയ്ക്കിടെ പറഞ്ഞു. 1994 ജൂലൈ 29ന് കുടുംബ കോടതികള്‍ ന്നെ വിഷയത്തിന്മേല്‍ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ ഖോസ്‌ല തന്നെ നിര്‍ബന്ധിച്ചെന്നും, സാധിക്കില്ലെന്ന് അറിയിച്ചതോടെ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നുമാണ് പരാതി.

ദല്‍ഹി ബാര്‍ അസോസിയേഷന്‍ തനിക്ക് നല്‍കി വന്നിരുന്ന എല്ലാ സൗകര്യങ്ങളും പിന്‍വലിക്കുമെന്ന് പറഞ്ഞതായും കോഹ്‌ലി കോടതിയില്‍ പറഞ്ഞു.

ഇതിനെതിരെ അവര്‍ നല്‍കിയ പരാതിയിന്മേല്‍ സിവില്‍ ജഡ്ജി വാദം കേള്‍ക്കാനിരിക്കേ, 1994 ആഗസ്റ്റ് 5ന് ഖോസ്ല ഒരു കൂട്ടം അഭിഭാഷകര്‍ക്കൊപ്പം വന്ന് തന്നെ വളയുകയും മുടിയില്‍ പിടിച്ച് വലിക്കുകയും നിലത്ത് കൂടെ വലിച്ചിഴക്കുകയും കൈകള്‍ പിടിച്ച് തിരിക്കുകയും ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കോഹ്‌ലി പരാതിയില്‍ പറഞ്ഞത്.

1995 ജൂലൈ 7നാണ് കേസ് കോടതിയ്ക്ക് മുന്നില്‍ എത്തുന്നത്. കോഹ്‌ലിയുടെ ആരോപണങ്ങള്‍ക്ക് കൃത്യമായ സാക്ഷികളില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചെങ്കിലും, പ്രതി ആ സമയത്ത് ദല്‍ഹി ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയാണെന്ന കാര്യം മറക്കരുതെന്നായിരുന്നു കോടതി ഓര്‍മിപ്പിച്ചത്.

”അവരുടെ തെരഞ്ഞെടുക്കപ്പെട്ട നേതാവിന് എതിരെ തന്നെ അഭിഭാഷകര്‍ തിരിയുന്നതും എതിരായി സംസാരിക്കുന്നതും വിരളമയേ നടക്കാറുള്ളൂ,” എന്നായിരുന്നു കോടതി പ്രതികരിച്ചത്.

ടിസ് തിഹാരി കോടതിയിലെ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ഗജേന്ദര്‍ സിംഗ് നഗര്‍ ആണ് രാജീവ് ഖോസ്ല കുറ്റക്കാരനന്നെ് വിധിച്ചത്. IPC സെക്ഷന്‍ 320 (മനപൂര്‍വമായി ഉപദ്രവിക്കല്‍), 560(i) (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഖോസ്ല കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.

നവംബര്‍ 15നായിരിക്കും കേസിന്മേല്‍ കോടതി ശിക്ഷാ വിധിക്കുക.

1987 മുതല്‍ അഭിഭാഷകയായി പ്രവര്‍ത്തിച്ച സുജാത കോഹ്‌ലി കഴിഞ്ഞ വര്‍ഷം ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായി വിരമിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content highlight: former president of Delhi HC bar association convicted for assault on woman lawyer 27 years ago

We use cookies to give you the best possible experience. Learn more