| Friday, 26th July 2024, 8:20 pm

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; കമല ഹാരിസിന് ഒബാമയുടെയും മിഷേലിന്റെയും പിന്തുണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല ഹാരിസിന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെയും മുന്‍ പ്രഥമ വനിത മിഷേലിന്റെയും പിന്തുണ. ഇതോടെ കമല ഹാരിസിന് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുടെയെല്ലാം പിന്തുണ ലഭിച്ചു. ഫോണ്‍ മുഖേനയാണ് ഒബാമയും മിഷേലും കമല ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചത്.

മിഷേലും കമലയും ഫോണിലൂടെ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ബരാക് ഒബാമ തന്നെയാണ് ഈ വീഡിയോ തന്റെ എക്‌സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചത്. കമല ഹാരിസിന്റെ വിജയത്തിനായി തങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്നും മുന്‍ പ്രസിഡന്റ് പറഞ്ഞു.

‘ഞങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായ കമല ഹാരിസിനെ ഞാനും മിഷേലും വിളിച്ചു സംസാരിച്ചിരുന്നു. അമേരിക്കയുടെ മികച്ച പ്രസിഡന്റാകുമെന്നാണ് കരുതുന്നതെന്നും പൂര്‍ണ പിന്തുണയുണ്ടെന്നും ഞങ്ങള്‍ അവളോട് പറഞ്ഞു.

രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇതൊരു നിര്‍ണായക ഘട്ടമാണ്. കമലയുടെ വിജയത്തിനായി ഞങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യും. നിങ്ങളും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,’ എന്ന കുറിപ്പോട് കൂടിയാണ് ഒബാമ വീഡിയോ പങ്കുവെച്ചത്.

ആദ്യമായി ആഫ്രിക്കന്‍-അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് ബരാക് ഒബാമ. 2008 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ഒബാമ ചരിത്രം സൃഷ്ടിച്ചത്. 2024 നവംബറില്‍ കമല ഹാരിസിന് വിജയിക്കാനായാല്‍ പിറക്കുന്നത് മറ്റൊരു ചരിത്രം കൂടിയാണ്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാല്‍ അമേരിക്കന്‍ പ്രസിഡന്റാകുന്ന ആദ്യ വനിതയാകും കമല ഹാരിസ്. നിലവില്‍ അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റാണ് കമല ഹാരിസ്.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയ പ്രസിഡന്റ് ജോ ബൈഡനാണ് തന്റെ പിന്‍ഗാമിയായി കമല ഹരിസിനെ പ്രഖ്യാപിച്ചത്. പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുളളില്‍ തന്നെ ശക്തമായ സാഹചര്യത്തിലാണ് ബൈഡന്റെ പിന്‍വാങ്ങല്‍.

ഓഗസ്റ്റില്‍ നടക്കുന്ന ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനിലാകും പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമലയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

Content Highlight: Former President Barack Obama and Former First Lady Michelle Obama Support Kamala Harris in US Presidential Election

We use cookies to give you the best possible experience. Learn more