| Friday, 1st March 2019, 7:25 pm

ആദ്യ വനിതാ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെന്ന് മോദി; സ്വയം പരിഹാസ്യനാവുന്നത് നിര്‍ത്താനായില്ലേയെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ ആദ്യ വനിതാ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്. മോദി സ്വയം പരിഹാസ്യനാവുന്നത് നിര്‍ത്താനായില്ലെയെന്ന് യൂത്ത് കോണ്‍ഗ്രസ് ചോദിച്ചു. തമിഴ്നാട്ടില്‍ ഇന്ന് നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മോദി നിര്‍മല ഇന്ത്യയിലെ ആദ്യ വനിതാ പ്രതിരോധ മന്ത്രിയാണെന്ന് അവകാശപ്പെട്ടത്.

മോദിയുടെ അവകാശവാദത്തിനെതിരെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് വിഷയത്തില്‍ മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ട്വീറ്റിലൂടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചത്.

Read Also : മോദിയ്ക്ക് ഒരു അഞ്ച് മിനുട്ട് പോലും പി.ആര്‍ പണി നിര്‍ത്തി വെക്കാന്‍ പറ്റില്ല, ഇതാണ് ഞങ്ങളും അദ്ദേഹവും തമ്മിലുള്ള വ്യത്യാസം: രാഹുല്‍ഗാന്ധി

“ഇന്ത്യയിലെ ആദ്യ വനിതാ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ തമിഴ്നാട്ടുകാരിയാണ്” എന്നായിരുന്നു മോദി കന്യാകുമാരിയില്‍ പ്രസംഗിച്ചത്. എന്നാല്‍ ഇന്ത്യയിലെ ആദ്യ വനിതാ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അല്ല ഇന്ദിരാ ഗാന്ധിയാണ് എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ തിരുത്ത്.

1975ലാണ് പ്രതിരോധമന്ത്രിയായി ഇന്ദിരാഗാന്ധി സ്ഥാനം ഏറ്റെടുത്തത്. പിന്നീട് 1980 ല്‍ വീണ്ടും പ്രതിരോധമന്ത്രിയായി വരികയായിരുന്നു.

പാകിസ്ഥാന്റെ പിടിയില്‍ നിന്നും തിരിച്ചെത്തിയ വ്യോമസേനാ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ തമിഴ്‌നാട്ടുകാരനായതില്‍ തനിക്ക് അഭിമാനമുണ്ടെന്നും മോദി പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മോദി അഭിനന്ദന്‍ വര്‍ത്തമാനെ കുറിച്ച് നേരത്തെ പറയാതെ ഇപ്പോള്‍ പറയുന്നത് തമിഴ്നാട്ടിലെ വോട്ടുകള്‍ ലക്ഷ്യമാക്കിയാണെന്നും, കര്‍ണ്ണാടകത്തിലെ ബി.ജെ.പി. അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ ചെയ്തതില്‍ നിന്നും ഇതിന് വലിയ വ്യത്യാസമില്ലെന്നുമാണ് മോദിക്കെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. പാകിസ്ഥാനെതിരെയുള്ള ആക്രമണം ബി.ജെ.പിക്ക് 22 ലോക്‌സഭാ സീറ്റുകള്‍ നേടിത്തരുമെന്നായിരുന്നു യെദ്യൂരപ്പയുടെ പരാമര്‍ശം.

We use cookies to give you the best possible experience. Learn more