2023 ഒക്ടോബറിൽ നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ വേൾഡ്കപ്പിന്റ ഫൈനലിൽ എത്താൻ സാധ്യതയുള്ള രണ്ട് ടീമുകളെ പ്രവചിച്ചിരിക്കുകയാണ് സൗത്ത് ആഫ്രിക്കൻ മുൻ പേസർ ഡെയ്ൽ സ്റ്റെയ്നും മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താനും.
ഇന്ത്യയും ഇംഗ്ലണ്ടും ലോകകപ്പിന്റ ഫൈനലിൽ എത്തും എന്നാണ് സ്റ്റെയ്ൻ ന്റ പ്രവചനം. എന്നാൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ കാണാനും താൻ ഹൃദയം കൊണ്ട് ആഗ്രഹിക്കുന്നുവെന്നും സൗത്ത് ആഫ്രിക്കൻ മുൻ പേസർ വ്യക്തമാക്കി.
‘ലോകകപ്പിന്റ ഫൈനലിൽ ദക്ഷിണാഫ്രിക്ക കളിക്കാൻ ഞാൻ ഹൃദയം കൊണ്ട് ആഗ്രഹിക്കുന്നു. ദക്ഷിണാഫ്രിക്കൻ ടീമിലെ പല കളിക്കാരും ഐ.പി.എല്ലിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നവരാണ്. ഡേവിഡ് മില്ലർ, ഹെൻറിച്ച് ക്ലാസൻ എന്നിവർ ഇന്ത്യൻ പിച്ചുകളിൽ ഏത് സാഹചര്യത്തിലും നന്നായി ബാറ്റ് ചെയ്യാൻ കഴിയുന്നവരാണ്. ഒപ്പം ബൗളിങ്ങിൽ റബാദയും ഇന്ത്യൻ പിച്ചിൽ കുറേക്കാലമായി പന്തെറിഞ്ഞിട്ടുള്ള പരിചയസമ്പത്തുള്ള താരവുമാണ്. പക്ഷേ ലോകകപ്പ് എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. അതിനാൽ ഞാൻ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഫൈനൽ കാണാൻ ഹൃദയം കൊണ്ട് ആഗ്രഹിക്കുന്നു. പക്ഷേ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഫൈനൽ കളിക്കാനുള്ള ഉള്ള സാധ്യതയും കണക്കിലെടുക്കണം,’ സ്റ്റെയ്ൻ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
എന്നാൽ മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താന്റെ പ്രവചനം മറ്റൊന്നായിരുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് ഫൈനലിൽ എത്തുക എന്നാണ് ഇർഫാൻ പ്രവചിച്ചത്. ഒപ്പം ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ കരുത്തിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘ഇംഗ്ലണ്ട് ഈ ലോകകപ്പിലെ മികച്ച ടീമാണ്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഫൈനലിൽ എത്തും. ഈ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സൗത്ത് ആഫ്രിക്കയ്ക്ക് മികച്ച അവസരമുണ്ട്. ദക്ഷിണാഫ്രിക്ക മികച്ച ടീമുമായിട്ടാണ് ഇന്ത്യൻ മണ്ണിലേക്ക് എത്തിയിരിക്കുന്നത്. പക്ഷേ എന്റെ അഭിപ്രായത്തിൽ ഈ ലോകകപ്പ് ഇന്ത്യൻ ടീം നേടും കാരണം സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് മികച്ച ഫോമിലാണ്,’ പത്താൻ പറഞ്ഞു.
നീണ്ട 12 വർഷത്തിന് ശേഷമാണ് ഇന്ത്യൻ മണ്ണിലേക്ക് മറ്റൊരു ലോകകപ്പ് എത്തുന്നത് ധോണിക്ക് ശേഷം രോഹിത്തും സംഘവും കിരീടം ഉയർത്തുമോയെന്നത് കണ്ടുതന്നെ അറിയണം.
എന്നാൽ സൗത്ത് ആഫ്രിക്കക്ക് ഇതുവരെ ഒരു ലോകകപ്പും നേടാൻ സാധിച്ചിട്ടില്ല.
ഇംഗ്ലണ്ടാണ് നിലവിലെ ചാമ്പ്യൻമാർ.
ഒക്ടോബർ അഞ്ചിന് ക്രിക്കറ്റ് മാമാങ്കത്തിന് തിരിതെളിയുമ്പോൾ ഏതൊക്കെ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.
Content Highlight: Former players predict who will be the World Cup finalists.