| Sunday, 16th April 2023, 6:02 pm

ഈ സീസണിലെ മികച്ച ടീമിനെ നയിക്കുന്ന ഏറ്റവും മികച്ച ക്യാപ്റ്റന്‍; സഞ്ജുവിനെ പുകഴ്ത്തി മുന്‍ വെടിക്കെട്ട് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ സൂപ്പര്‍ സണ്‍ഡേ മത്സരത്തില്‍ ഡിഫണ്ടിങ് ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് കരുത്തരായ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനൊരുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഫൈനല്‍ പോരാളികളായ ഇരുകൂട്ടരും ഒരിക്കല്‍ കൂടി ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ കൊമ്പ്‌കോര്‍ക്കുമ്പോള്‍ 2022 ഫൈനല്‍ ആവര്‍ത്തിക്കുമോ എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്.

ഇരു ടീമുകളും കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ മികച്ച പോരാട്ടമാണ് ഇത്തവണയും കാഴ്ച വെക്കുന്നത്. അതുകൊണ്ട് തന്നെ വമ്പന്മാരുടെ പോരാട്ടം കനക്കുമെന്നു തന്നെയാണ് ക്രിക്കറ്റ് വിദഗ്ദരും അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന് ശേഷം ഇതാദ്യമായാണ് ഇരുകൂട്ടരും മുഖാമുഖമെത്തുന്നത് കണക്ക് തീര്‍ക്കാനുള്ള അവസരമായാണ് റോയല്‍സ് കാണുന്നത്. എന്നാല്‍ ഒരിക്കല്‍ കൂടി സഞ്ജുവിനെയും കൂട്ടരെയും തോല്‍പ്പിച്ച് തങ്ങളുടെ അപ്രമാദിത്വം കാത്ത് സൂക്ഷിക്കാനായിരിക്കും ഹര്‍ദിക്കും കൂട്ടരും ശ്രമിക്കുന്നത്.

മത്സരത്തിന്റെ ചൂട് ഗ്രൗണ്ടിന് പുറത്തേക്ക് വ്യാപിച്ചതോടെ ഇഷ്ടതാരങ്ങളെയും മാച്ച് ഫേവറിറ്റുകളെയും തെരഞ്ഞെടുക്കാനുള്ള പോരും ആരാധകര്‍ക്കിടയില്‍ ആരംഭിച്ചിട്ടുണ്ട്.

അതിനിടെ രാജസ്ഥാന്‍ ടീമിനെയും ക്യാപ്റ്റന്‍ സഞ്ജുവിനെയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം യൂസുഫ് പത്താന്‍. ഈ സീസണിലെ തന്നെ മികച്ച മത്സരം കാഴ്ച്ച വെക്കുന്ന ടീമാണ് രാജസ്ഥാനെന്നാണ് യൂസഫ് പത്താന്‍ അഭിപ്രായപ്പെട്ടത്.

ഒരുപിടി മികച്ച ബാറ്റര്‍മാരും ബൗളര്‍മാരുമുള്ള ടീമിനെ നയിക്കുന്നവനും കിടുവാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്രിക്കറ്റ് ലൈവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പത്താന്റെ പരാമര്‍ശം.

‘ഐ.പി.എല്‍ 2023ലെ ഏറ്റവും മികച്ച ടീമാണ് രാജസ്ഥാന്‍. സീസണില്‍ മികച്ച പ്രകടനമാണവര്‍ പുറത്തെടുക്കുന്നത്. അവരുടെ ബാറ്റിങ് നിര സുശക്തമാണ്. മികച്ച ക്വാളിറ്റിയുള്ള ബൗളര്‍മാരുടെ നിര തന്നെ അവര്‍ക്കുണ്ട്. സഞ്ജുവാണെങ്കില്‍ ഏറ്റവും മികച്ച ക്യാപ്റ്റനെപ്പോലെയാണ് ടീമിനെ നയിക്കുന്നത്,’ യൂസഫ് പത്താന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ഏഴ് വിക്കറ്റിനാണ് ടൈറ്റന്‍സ് രാജസ്ഥാനെ തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് നിശ്ചിത ഓവറില്‍ 130 റണ്‍സാണ് അടിച്ചെടുത്തത്.

സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ച വെച്ച ബാറ്റിങ് നിര ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് 18.1 ഓവറില്‍ കേവലം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന് കിരീടം ചൂടുകയായിരുന്നു.

Content Highlight: former player talk about sanju samson and royals

We use cookies to give you the best possible experience. Learn more