ഐ.സി.സി ടി-20 ലോകകപ്പിന്റെ സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായിരുന്നു. സെമിയില്‍ പത്ത് വിക്കറ്റിനോടായിരുന്നു ഇന്ത്യയുടെ പരാജയം. ടി-20 ലോകകപ്പ് കിരീടം നേടാന്‍ സാധിച്ചില്ലെങ്കിലും വിലപ്പെട്ട പലതും ഇന്ത്യക്ക് ഈ ടൂര്‍ണമെന്റിലൂടെ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്.
ഇന്ത്യയുടെ സ്പിന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ പോരായ്മയായിരുന്നു അതിലൊന്ന്. അക്‌സര്‍ പട്ടേലും ആര്‍. അശ്വിനും റണ്‍ വഴങ്ങാന്‍ മത്സരിച്ചപ്പോള്‍ യൂസ്വേന്ദ്ര ചഹലിനും രവി ബിഷ്‌ണോയിക്കും ഒറ്റ മത്സരം പോലും കളിക്കാന്‍ സാധിക്കാതെ പുറത്തിരിക്കേണ്ടിയും വന്നിരുന്നു.
ഈ ലോകകപ്പില്‍ ചഹലിനെ ഒറ്റ മത്സരത്തില്‍ പോലും കളിപ്പിക്കാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും വലിയ തെറ്റ് ചെയ്തുവെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം റോബിന്‍ ഉത്തപ്പ. ഇന്ത്യയുടെ തോല്‍വിക്ക് ഇവര്‍ കളിക്കാത്തതും ഒരു കാരണമായെന്നാണ് താരത്തിന്റെ അഭിപ്രായം.
പ്രമുഖ കായിക മാധ്യമമായ സ്‌പോര്‍ട്‌സ്‌കീഡയോടാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
‘ചഹലിന് ഒറ്റ മത്സരത്തില്‍ പോലും അവസരം നല്‍കാത്തതതിന്റെ പേരില്‍ ഇന്ത്യന്‍ ടീം ഇപ്പോള്‍ ഖേദിക്കുന്നുണ്ടാവണം. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ തന്റെ സ്‌കില്‍സ് പുറത്തെടുക്കാനുള്ള ഒരു അവസരമെങ്കിലും അവന് നല്‍കണമായിരുന്നു,’ ഉത്തപ്പ പറഞ്ഞു.
ഓസീസ് പിച്ചുകള്‍ സാധാരണ പേസര്‍മാര്‍ക്ക് അനുകൂലമാണെങ്കിലും ഈ ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരന്‍ ശ്രീലങ്കയുടെ സ്റ്റാര്‍ സ്പിന്നറായ വാനിന്ദു ഹസരങ്കയാണ്. ഹസരങ്കക്ക് പുറമെ ഷദാബ് ഖാന്‍, ആദില്‍ റഷീദ് അടക്കമുള്ള സ്പിന്നര്‍മാരും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
റോബിന്‍ ഉത്തപ്പക്ക് പുറമെ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളുമായിരുന്ന മുഹമ്മദ് കൈഫും സമാന അഭിപ്രായം പറഞ്ഞിരുന്നു.
മറ്റുവഴികളൊന്നുമില്ലാതെ താരങ്ങള്‍ ബെഞ്ചില്‍ ഇരിക്കുകയാണെന്നായിരുന്നു കൈഫിന്റെ അഭിപ്രായം.
‘താരങ്ങളെ ബെഞ്ചില്‍ തന്നെ ഇരുത്തുമ്പോള്‍ അവര്‍ നിസ്സഹായരാവുകയാണ്. അവര്‍ നെറ്റ്‌സില്‍ പന്തെറിയുകയും ജിമ്മില്‍ ട്രെയ്ന്‍ ചെയ്യുകയും മാത്രമാണ് ചെയ്യുന്നത്,’ കൈഫ് പറഞ്ഞു.