| Thursday, 18th April 2019, 8:42 am

അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ പോലീസെത്തി, പെറു മുന്‍ പ്രസിഡന്റ് സ്വയം വെടിവെച്ച് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലിമ (പെറു): അഴിമതിക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പെറു മുന്‍ പ്രസിഡന്റെ അലന്‍ ഗാര്‍ഷ്യ (69) സ്വയം വെടിവെച്ചു മരിച്ചു. തലയില്‍ വെടിയുണ്ടയേറ്റു കിടന്ന ഗാര്‍ഷ്യയെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോടിക്കണക്കിനു രൂപയുടെ ലാറ്റിനമേരിക്കന്‍ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യുന്നതിനായാണ് പോലീസ് അവിടെയെത്തിയത്.

പോലീസ് അറസ്റ്റ് ചെയ്യുന്നതിനുമുന്‍പ് ഗാര്‍ഷ്യ ആത്മഹത്യ ചെയ്യാന്‍ പദ്ധതിയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക എറാസ്മ റെയ്‌ന നേരത്തേ തന്നെ പ്രാദേശികമാധ്യമങ്ങളോടു പറഞ്ഞിരുന്നു.

ഗാര്‍ഷ്യയുടെ മരണത്തില്‍ താന്‍ ദുഃഖിതനാണെന്നായിരുന്നു പെറുവിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് മാര്‍ട്ടിന്‍ വിസ്‌കാരയുടെ പ്രതികരണം.

ലിമയിലെ വീട്ടില്‍ പുലര്‍ച്ചെ പോലീസെത്തിയപ്പോള്‍ തനിക്കൊന്ന് ഫോണ്‍ വിളിക്കണമെന്നു പറഞ്ഞാണ് ഗാര്‍ഷ്യ മുറിക്കുള്ളിലേക്കു കയറിയതും വെടിയുതിര്‍ത്തതും. അപ്പോള്‍ത്തന്നെ മുറി കുത്തിത്തുറന്ന പോലീസുകാര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കില്‍പ്പോലും രക്ഷിക്കാനായില്ല.

എണ്‍പതുകളില്‍ പെറുവിന്റെ രാഷ്ട്രീയഗതി നിര്‍ണയിക്കാന്‍ ശേഷിയുണ്ടായിരുന്ന നേതാവായിരുന്നു ഗാര്‍ഷ്യ. തന്റെ രണ്ടാം വരവിലായിരുന്നു അദ്ദേഹം അഴിമതിയാരോപണം നേരിട്ടത്. 2006-11 കാലഘട്ടത്തില്‍ ബ്രസീലിലെ കെട്ടിടനിര്‍മാണ ഭീമന്‍ ഓഡ്‌ബ്രെക്റ്റില്‍ നിന്ന് ഗാര്‍ഷ്യ കോടിക്കണക്കിനു രൂപ വാങ്ങിയെന്നതാണ് കേസ്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു ഗാര്‍ഷ്യയുടെ പ്രതികരണം.

കഴിഞ്ഞ നവംബറില്‍ രാജ്യം വിടുന്നതിന് ഗാര്‍ഷ്യയ്ക്കു വിലക്കേര്‍പ്പെടുത്തിയിരുന്നു. അതിനിടെ ഉറുഗ്വായുടെ ലിമയിലുള്ള എംബസിയില്‍ ഗാര്‍ഷ്യ രാഷ്ട്രീയാഭയം തേടിയിരുന്നു. ആഴ്ചകള്‍ അവിടെ താമസിച്ചെങ്കിലും പിന്നീട് രാഷ്ട്രീയത്തടവുകാരനല്ലെന്നു ചൂണ്ടിക്കാട്ടി അവരിതു പിന്‍വലിക്കുകയായിരുന്നു.

ഒരു ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള പൊതുകരാറുകളാണ് ഗാര്‍ഷ്യ പ്രസിഡന്റായിരിക്കെ കമ്പനി നേടിയത്. ഭരണത്തില്‍ നിന്നിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ റിയോ ഡി ജനീറോയിലെ പ്രശസ്തമായ ക്രൈസ്റ്റ് ദ റെഡീമറിന്റെ മാതൃക പൈറുവിലുണ്ടാക്കാന്‍ കമ്പനിയെ ഏല്‍പ്പിച്ചു. എന്നാല്‍ ക്രൈസ്റ്റ് ഓഫ് ഓഡ്‌ബ്രെക്കെന്നായിരുന്നു പലരും അതിനെ വിശേഷിപ്പിച്ചത്.

ഈവര്‍ഷം ബ്രസീലില്‍ വെച്ച് ഓഡ്‌ബ്രെക്കിന്റെ ഉദ്യോഗസ്ഥരെ അഴിമതിവിരുദ്ധ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കുന്ന ക്രിമിനല്‍സംഘത്തിന്റെ നേതാവ് ഗാര്‍ഷ്യയാണെന്നു വാദിച്ചായിരുന്നു അന്വേഷണസംഘം അദ്ദേഹത്തിന്റെ അറസ്റ്റ് വാറന്റ് വാങ്ങിയത്. ആഭ്യന്തരമന്ത്രിയായ മോറന്‍ അറസ്റ്റ് വാറന്റിനെ ന്യായീകരിക്കുകയും ചെയ്തു.

കേസില്‍ ഗാര്‍ഷ്യ മാത്രമല്ല, പെറുവിലെയും ലാറ്റിനമേരിക്കയിലെയും പല നേതാക്കളും ആരോപണവിധേയരാണ്. ലാറ്റിനമേരിക്കയിലെ തന്നെ ഏറ്റവും വലിയ നിര്‍മാണസ്ഥാപനമായ ഓഡ്‌ബ്രെക്റ്റിന് അഴിമതിക്കേസില്‍ യു.എസ് നിയമവകുപ്പ് മൂന്നര ബില്ല്യണ്‍ ഡോളര്‍ 2016-ല്‍ പിഴ ചുമത്തിയിരുന്നു.

കേസില്‍ 2016-18 കാലയളവില്‍ പ്രസിഡന്റായിരുന്നു പെഡ്രോ പാബ്ലോ കുക്‌സിന്‍സ്‌കിയെയും കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. 2011-16 കാലയളവിലെ സൈനിക ഉദ്യോഗസ്ഥനായിരുന്ന ഒല്ലന്റെ ഹുമല ഈ കേസിലിപ്പോള്‍ വിചാരണ നേരിടുകയാണ്. മുന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫുജിമോരിയുടെ മകള്‍ കെയ്‌കോ ഫുജിമോരി അടക്കമുള്ളവരും കേസില്‍ തടവിലാണ്.

We use cookies to give you the best possible experience. Learn more