ഇന്ത്യക്കെതിരെ അവനെ കളിപ്പിക്കരുത്; സൂപ്പര്‍ താരത്തിനെതിരെ മുന്‍ പി.സി.ബി ചെയര്‍മാന്‍
Sports News
ഇന്ത്യക്കെതിരെ അവനെ കളിപ്പിക്കരുത്; സൂപ്പര്‍ താരത്തിനെതിരെ മുന്‍ പി.സി.ബി ചെയര്‍മാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st September 2023, 1:55 pm

ഏഷ്യന്‍ ക്രിക്കറ്റ് മാമാങ്കമായ ഏഷ്യാ കപ്പിന് ഓഗസ്റ്റ് 30നാണ് തുടക്കമായത്. സെപ്റ്റംബര്‍ രണ്ടിനാണ് ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ മത്സരം നടക്കുന്നത്.

ഈ മത്സരം നടക്കാനിരിക്കെ പാകിസ്ഥാന്‍ ടീമിലുള്ള താരത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരവും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ റമീസ് രാജ. പാകിസ്ഥാന്റെ ഇടം കയ്യന്‍ ബാറ്റര്‍ ഫഖര്‍ സമാനെതിരെയായിരുന്നു അദ്ദേത്തിന്റെ പരാമര്‍ശം.

ഫഖര്‍ സമാന്‍ പാകിസ്ഥാന്‍ നിരയിലെ ദുര്‍ബലനായ താരമാണെന്നും അവനെ ഇന്ത്യക്കെതിരായ മത്സരത്തില്‍ ഉള്‍പ്പെടുത്തരുത് എന്നുമായിരുന്നു റമീസ് രാജ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു അദ്ദഹത്തിന്റെ പരാമര്‍ശം.

‘പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും വലിയ പ്രശ്‌നം അവനാണ്. അവന്‍ ഒരു മികച്ച ഹിറ്റര്‍ ബാറ്ററാണ് എന്നാല്‍ അങ്ങനെയുള്ള ഒരാള്‍ ഫോം ഔട്ട് ആവുമ്പോള്‍ ഡ്രോവിങ് ബോര്‍ഡില്‍ കൂടുതല്‍ സമയം കണ്ടെത്തേണ്ടി വരും. അവന്‍ ഒരു ദുര്‍ബലനായ കളിക്കാരനാണ്. ലെഗ് സൈഡിലൂടെ കളിക്കുകയും അവസാനം എങ്ങനെയെങ്കിലും റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കുകയും അതിനോട് പൊരുത്തപ്പെടുകയുമാണ് അവന്‍ ചെയ്യുന്നത്,’ എന്നായിരുന്നു റമീസ് രാജ പറഞ്ഞത്.

അദ്ദേഹത്തിന്റെ ശരീര ഭാഷ വളരെ അലസമായിട്ടാണ് കളിക്കളത്തില്‍ കാണാന്‍ കഴിയുന്നത്. ഫഖര്‍ സമാന്റെ ഫോമില്ലായ്മ പാകിസ്ഥാന് വലിയ തലവേദന സൃഷ്ടിക്കുമെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിന് വിശ്രമം നല്‍കണമെന്നും, ഇന്ത്യക്കെതിരെ അദ്ദേഹത്തെ കളിപ്പിക്കരുതെന്നും റമീസ് രാജ കൂട്ടിച്ചേര്‍ത്തു.

മികച്ച പ്രകടനമായിരുന്നില്ല കുറച്ചു നാളുകളായി താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ നിന്നും 2, 30, 27, 14 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്. ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ നേപ്പാളിനെതിരെ 20 പന്തില്‍ 14 റണ്‍സ് നേടികൊണ്ടായിരുന്നു അദ്ദേഹം പുറത്തായത്. ഈ മോശം പ്രകടനങ്ങള്‍ വരാനിരിക്കുന്ന മത്സരങ്ങളില്‍ പാകിസ്ഥാനെ ബാധിക്കുമെന്ന ആശങ്കയിലാണ് റമീസ് രാജ.

നേരത്തെ മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്രയും ഫഖര്‍ സമാനെതിരെ രംഗത്തു വന്നിരുന്നു. 2023 ലോകകപ്പില്‍ പാകിസ്ഥാന്‍ ടീമിലെ ഏറ്റവും ദുര്‍ബലനായ കളിക്കാരന്‍ ഫഖര്‍ സമാന്‍ ആകുമെന്ന്‌നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്. ഫഖര്‍ സമാന്റെ ഏഷ്യന്‍ പിച്ചുകളിലെ മോശം ബാറ്റിങ് ആവറേജ് ചൂണ്ടികാണിച്ചുകൊണ്ടാണ് ആകാശ് ചോപ്ര ഈ അഭിപ്രായം ഉന്നയിച്ചത്.

പാകിസ്ഥാന് വേണ്ടി 74 ഏകദിന മത്സരങ്ങളാണ് ഫഖര്‍ സമാന്‍ കളിച്ചിട്ടുള്ളത്. ഏകദിനത്തില്‍ പാകിസ്ഥാന് വേണ്ടി 3,221 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 10 സെഞ്ച്വറികള്‍ നേടിയപ്പോള്‍ 15 അര്‍ധശതകവും താരം നേടിയിട്ടുണ്ട്.

ഏകദിനത്തില്‍ പാകിസ്ഥാന് വേണ്ടി ഇരട്ട സെഞ്ച്വറി നേടിയ ഏകതാരവും ഫഖര്‍ സമാനാണ്. സിംബാബ്‌വേക്കെതിരെയായിരുന്നു താരത്തിന്റെ ഇരട്ട സെഞ്ച്വറി നേട്ടം.

എന്നാല്‍ സമീപകാലങ്ങളില്‍ അദ്ദേഹത്തിന് വേണ്ടത്ര മികച്ച പ്രകടങ്ങള്‍ കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. ഏഷ്യ കപ്പില്‍ ഇന്ത്യയുമായുള്ള മത്സരത്തില്‍ ഫഖര്‍ സമാന് സ്ഥാനമുണ്ടാവുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

 

 

Content highlight: Former PCB chairman Ramiz Raja says Pakistan should not include Fakhar Zaman in playing eleven against India