ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ആരംഭിക്കാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഫെബ്രുവരി ഒമ്പതിന് വിദര്‍ഭയില്‍ വെച്ചാണ് മത്സരം നടക്കുന്നത്.
ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവിനെ കളത്തിലിറക്കണമെന്ന് ആവശ്യപ്പെടുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനും മുന്‍ താരവുമായിരുന്ന റമീസ് രാജ. സ്‌കൈ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ എക്‌സ് ഫാക്ടര്‍ ആവുമെന്നാണ് റമീസ് രാജ പറയുന്നത്.
ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയെ പോലെ സൂര്യകുമാര്‍ യാദവിന് അറ്റാക്ക് ചെയ്ത് കളിക്കാന്‍ സാധിക്കുമെന്നും അവന്‍ മത്സരത്തിലേക്ക് പേസ് കൊണ്ടുവരുമെന്നും റമീസ് രാജ പറയുന്നു.
തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു റമീസ് രാജ ഇക്കാര്യം പറഞ്ഞത്.
‘ഇന്ത്യ സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കണം. അവന് മത്സരത്തിലേക്ക് പേസ് കൊണ്ടുവരാന്‍ സാധിക്കും. ആദ്യ രണ്ട് ടെസ്റ്റ് മത്സരത്തിനുള്ള സ്‌ക്വാഡില്‍ വളരെ കുറച്ച് ടി-20 താരങ്ങളെ മാത്രമേ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ടെസ്റ്റ് ക്രിക്കറ്റ് ആരാധകര്‍ ഇപ്പോള്‍ ആസ്വദിക്കുന്നു എന്നതിനാല്‍ ഇത് വളരെ മികച്ച ഒരു നീക്കമാണ്.
ഇംഗ്ലണ്ട് എങ്ങനെയാണ് പാകിസ്ഥാനെതിരെ കളിച്ചതെന്ന് നോക്കൂ. ഒറ്റ ദിവസം തന്നെ 300-400 റണ്‍സ് അവര്‍ നേടി. സൂര്യകുമാര്‍ മത്‌സരത്തിലേക്ക് പേസ് ഇന്‍ജെക്ട് ചെയ്യും. ഇത് ഓസീസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തും എന്നതിനാല്‍ തന്നെ ഇന്ത്യക്ക് ഉറപ്പായും ഗുണം ചെയ്യും,’ റമീസ് രാജ പറഞ്ഞു.
ടി-20 ഫോര്‍മാറ്റില്‍ ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. ഇതുവരെ ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറാന്‍ അവസരം ലഭിക്കാതിരുന്ന സൂര്യകുമാറിനെ സംബന്ധിച്ച് ഇതൊരു സുവര്‍ണാവസരവുമാണ്.
രഞ്ജിയില്‍ നേരത്തെ മുംബൈക്കായി പലകുറി കളിച്ച താരമാണ് സൂര്യകുമാര്‍. 200 ആണ് താരത്തിന്റെ രഞ്ജി ഹൈ സ്‌കോര്‍.
ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്ത് പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് സൂര്യകുമാറിന് ടെസ്റ്റ് സ്‌ക്വാഡില്‍ അവസരം ലഭിച്ചത്. മധ്യനിരയില്‍ തകര്‍ത്തടിക്കാന്‍ പോന്ന ഒരാള്‍ വേണമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ സൂര്യകുമാറിനെയും ഇഷാന്‍ ഇഷനെയും മാനേജ്‌മെന്റ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ആദ്യ രണ്ട് മത്സരത്തില്‍ ഉള്‍പ്പെടുത്തിയത്.
Content Highlight: Former PCB chairman Ramiz Raja about Suryakumar Yadav