|

വ്യക്തിഗത നേട്ടത്തേക്കാള്‍ ടീമിന് പ്രാധാന്യം നല്‍കിയവന്‍; ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് വഹാബ് റിയാസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി അതിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ്. മാര്‍ച്ച് ഒമ്പതിന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഫൈനല്‍ പോരാട്ടം മാത്രമാണ് ഇനി ചാമ്പ്യന്‍ഷിപ്പില്‍ ബാക്കിയുള്ളത്. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ് ടൂര്‍ണമെന്റിലെ അവസാന അങ്കം.

മാര്‍ച്ച് നാലിന് നടന്ന ആദ്യ സെമി ഫൈനലില്‍ ഓസ്ട്രേലിയയെ തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് കങ്കാരുക്കള്‍ക്കെതിരെ ഇന്ത്യയുടെ വിജയം. 98 പന്തില്‍ 84 റണ്‍സെടുത്ത സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.

ഓസീസിനെതിരെയുള്ള വിജയത്തോടെ ഐ.സി.സിയുടെ എല്ലാ ടൂര്‍ണമെന്റുകളിലും ഒരു ടീമിനെ ഫൈനലില്‍ എത്തിക്കുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന റെക്കോഡ് രോഹിത് ശര്‍മ സ്വന്തമാക്കിയിരുന്നു. അതേസമയം, ടൂര്‍ണമെന്റിലെ രോഹിത്തിന്റെ ഫോമില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ 107.21 സ്‌ട്രൈക്ക് റേറ്റില്‍ 104 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. ബംഗ്ലാദേശിനെതിരെ നേടിയ 41 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ടൂര്‍ണമെന്റിലെ ഉയര്‍ന്ന സ്‌കോര്‍.

എന്നാലിപ്പോള്‍ രോഹിതിനെ പിന്തുണച്ച് സംസാരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ വഹാബ് റിയാസ്. രോഹിത് ശര്‍മ ടീമിനാണ് പ്രാധാന്യം കൊടുത്തതെന്നും അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യന്‍ ടീമില്‍ ഒരുപാട് മാറ്റമുണ്ടായെന്നും മുന്‍ താരം പറഞ്ഞു. ഇന്ത്യ തുടര്‍ച്ചയായി ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഫൈനല്‍ കളിക്കുന്നതിന്റെ എല്ലാ ക്രെഡിറ്റും രോഹിത്തിനാണെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. സ്‌പോര്‍ട്‌സ് 18 നിലാണ് പാകിസ്ഥാന്‍ മുന്‍ താരം അഭിപ്രായം പറഞ്ഞത്.

‘രോഹിത് ശര്‍മ വ്യക്തിഗത നേട്ടത്തേക്കാള്‍ ടീമിനാണ് പ്രാധാന്യം കൊടുത്തത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ ടീം ഒരുപാട് മാറി. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഫൈനലുകളില്‍ ഇന്ത്യ തുടര്‍ച്ചയായി കളിക്കുന്നു. അതൊരു ചെറിയ കാര്യമല്ല. അതിന്റെ എല്ലാ ക്രെഡിറ്റും രോഹിത്തിനാണ്,’ വഹാബ് റിയാസ് പറഞ്ഞു.

കൂടാതെ, രോഹിത്തിന്റ അഗ്രസ്സീവ് കളി രീതിയെയും റിയാസ് പ്രശംസിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ പുതിയൊരു ബ്രാന്‍ഡ് ക്രിക്കറ്റ് സൃഷ്ടിച്ചെന്നും ക്യാപ്റ്റന്‍ തന്നെ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ മറ്റു കളിക്കാരും അതേ ശൈലി സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.

‘ഒരു ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ കാര്യമാണ്. അദ്ദേഹം (രോഹിത്) ഒരു പുതിയ ബ്രാന്‍ഡ് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങി. കളിക്കാരോട് തന്നെ പിന്തുടരാന്‍ പറഞ്ഞു. ഒരു ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍, അദ്ദേഹത്തിന്റെ സഹതാരങ്ങളും അതേ ശൈലി സ്വീകരിക്കും,’ റിയാസ് കൂട്ടിച്ചേര്‍ത്തു.

content highlights: Former Pakistani fast bowler Wahab Riaz is speaking in support of Rohit Sarma 

Latest Stories

Video Stories