'എന്റെ കണ്ണില്‍ നോക്കാന്‍ പോലും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല'; ആ ഇന്ത്യന്‍ താരത്തിന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചത് താനെന്ന് പാക് ബൗളര്‍ ഇര്‍ഫാന്‍
താനാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചതെന്ന് മുന്‍ പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന്‍. ഗംഭീറിന്റെ ലിമിറ്റഡ് ഓവര്‍ കരിയര്‍ താന്‍ അവസാനിപ്പിച്ചെന്ന അവകാശവാദവുമായാണ് ഇര്‍ഫാന്‍ രംഗത്തെത്തിയത്.
2012-13 കാലയളവില്‍ പാക്കിസ്ഥാന്‍ ഇന്ത്യയിലെത്തിയപ്പോള്‍ ഗംഭീര്‍ തന്നെ നേരിടാന്‍ ഭയന്നതായും ഇര്‍ഫാന്‍ പറഞ്ഞു. സമാ ടി.വിക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു ഇര്‍ഫാന്‍ ഇക്കാര്യം പറഞ്ഞത്.
‘ഗൗതം ഗംഭീര്‍ എന്നെ ഭയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കരിയര്‍ ഞാന്‍ കാരണമാണ് അവസാനിച്ചതെന്നു ഞാന്‍ വിശ്വസിക്കുന്നു. അതിനുശേഷം അദ്ദേഹം ടീമില്‍ തിരിച്ചെത്തിയിട്ടില്ല.
രണ്ട് ടീമുകളും നെറ്റിലുണ്ടായിരുന്നപ്പോഴും മത്സരത്തിനിറങ്ങിയപ്പോഴും അദ്ദേഹം എന്നെ നേരിടാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. എന്റെ കണ്ണില്‍ നോക്കാന്‍ പോലും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് എനിക്കു തോന്നിയിട്ടുണ്ട്.
2012-ലെ ലിമിറ്റഡ് ഓവര്‍ സീരിസില്‍ മൂന്നുതവണയാണ് ഞാന്‍ അദ്ദേഹത്തെ പുറത്താക്കിയത്. അതോടെ അദ്ദേഹം എന്നെ നേരിടുന്നതില്‍ ദുര്‍ബലനായി. അതിനുശേഷം ഇന്ത്യന്‍ ടീം അദ്ദേഹത്തില്‍ അസംതൃപ്തനായി. വിരാട് കോഹ്‌ലിയും തന്റെ ബൗളിങ്ങിനെ നേരിടാന്‍ ബുദ്ധിമുട്ടുന്നുണ്ട്.’- ഇര്‍ഫാന്‍ പറഞ്ഞു.
2007-11 കാലയളവിലാണ് ഗംഭീര്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെ കടന്നുപോയത്. ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യഘടകമായിരുന്നു അക്കാലത്ത് ഗംഭീര്‍.
വീരേന്ദര്‍ സെവാഗിനൊപ്പമുള്ള ഗംഭീറിന്റെ ഓപ്പണിങ് കൂട്ടുകെട്ടുകള്‍ അതോടകം ഒട്ടേറെ റെക്കോഡുകളും സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഈ ഫോം 2012-ലേക്കു തുടരാന്‍ ഗംഭീറിനായിരുന്നില്ല. അതുകൊണ്ടുതന്നെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിനു (ട്വന്റി20, ഏകദിന) വേണ്ടിയുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് അദ്ദേഹം പുറത്തായി.
2012 ഡിസംബറില്‍ പാക്കിസ്ഥാനെതിരായിരുന്നു അദ്ദേഹത്തിന്റെ അവസാന ട്വന്റി20 മത്സരം. അതിനു ശേഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ ഗംഭീറിന്റെ ഏകദിന കരിയറും അവസാനിച്ചു.