| Tuesday, 1st November 2022, 7:59 am

ഇന്ത്യക്ക് പാകിസ്ഥാനെ ഇഷ്ടമല്ല; പാകിസ്ഥാനെ തകര്‍ക്കാന്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയുമായി ഒത്തുകളിച്ചു; വമ്പന്‍ ആരോപണവുമായി സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ പാകിസ്ഥാന്റെ സെമി ഫൈനല്‍ സാധ്യതകള്‍ ഇപ്പോള്‍ തുലാസിലാണ്. വരാനിരിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചാല്‍ മാത്രം പോരാ, പകരം മറ്റ് ടീമുകളുടെ മത്സര ഫലങ്ങളെയും ആശ്രിയച്ചായിരിക്കും പാകിസ്ഥാന്റെ മുന്നോട്ടുള്ള പ്രയാണം.

ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നുവെങ്കില്‍ പാകിസ്ഥാന് തങ്ങളുടെ സെമി ഫൈനല്‍ സാധ്യകള്‍ സജീവമാക്കാന്‍ സാധിക്കുമായിരുന്നു. എന്നിരുന്നാലും ഇന്ത്യ പരാജയപ്പെട്ടതോടെ പാകിസ്ഥാന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു പ്രോട്ടീസ് വിജയം പിടിച്ചടക്കിയത്. ബൗളിങ് നിരയും ബാറ്റിങ് നിരയും ഒരു പോലെ തിളങ്ങിയതാണ് സൗത്ത് ആഫ്രിക്കക്ക് തുണയായത്.

എന്നാല്‍ പാകിസ്ഥാന്റെ സെമി ഫൈനല്‍ സാധ്യതകള്‍ ഇല്ലാതാക്കാന്‍ ഇന്ത്യ മനപ്പൂര്‍വം തോറ്റു കൊടുക്കുകയായിരുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് സൂപ്പര്‍ താരം ഷോയിബ് മാലിക്.

വിരാട് കോഹ്‌ലി ക്യാച്ച് കൈവിട്ടുകളഞ്ഞതും രോഹിത് ശര്‍മ റണ്‍ ഔട്ട് ചാന്‍സ് പാഴാക്കിയതും അടക്കം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മാലിക്കിന്റെ ആരോപണം.

24 ന്യൂസ് എച്ച്.ഡിയോടായിരുന്നു മാലിക്കിന്റെ പ്രതികരണം.

‘പാകിസ്ഥാന്‍ മുന്നോട്ട് കുതിക്കുന്നത് ഇന്ത്യ ഒരിക്കലും ആഗ്രഹിക്കില്ല,’ മാലിക് പറഞ്ഞു.

‘അവരുടെ ഫീല്‍ഡിങ് തന്നെ നോക്കൂ. വിരാട് കോഹ്‌ലി ആ ക്യാച്ച് എടുക്കണമായിരുന്നു. രോഹിത് ശര്‍മ വരെ ഒരു റണ്‍ ഔട്ട് ചാന്‍സ് പാഴാക്കി.

അവര്‍ സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിലെ ആദ്യത്തെ കുറച്ച് ഓവറുകളില്‍ മാത്രമായിരുന്നു ആവേശത്തോടെ കളിച്ചത്. ഏറ്റവും പ്രധാനപ്പെട്ട സമയത്ത് പോലും അവര്‍ തീര്‍ത്തും സാധാരണ ഗതിയിലെ കളി മാത്രമാണ് പുറത്തെടുത്തത്. ഇന്ത്യക്ക് പാകിസ്ഥാനെ ഇഷ്ടമല്ല,’മാലിക് കൂട്ടിച്ചേര്‍ത്തു.

പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പെര്‍ത്തിലെ ഫാസ്റ്റ് ബൗളിങ്ങിന് അനുകൂലമായ പിച്ചില്‍ പ്രോട്ടീസ് ബൗളര്‍മാര്‍ താളം കണ്ടെത്തിയതോടെ ഇന്ത്യ ബാറ്റിങ് തകര്‍ച്ച അഭിമുഖീകരിക്കുകയായിരുന്നു.

ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെല്ലാം തന്നെ ഒന്നിന് പിന്നാലെ ഒന്നായി കൂടാരം കയറിയപ്പോള്‍ 40 പന്തില്‍ നിന്നും 68 റണ്‍സുമായി സൂര്യകുമാര്‍ യാദവ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചു നിന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ഏയ്ഡന്‍ മര്‍ക്രമിന്റെയും ഡേവിവിഡ് മില്ലറിന്റെയും അര്‍ധ സെഞ്ച്വറിയുടെ മികവില്‍ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.

ഒക്ടോബര്‍ മൂന്നിനാണ് പാകിസ്ഥാന്റ അടുത്ത മത്സരം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.

Content Highlight: Former Pakistan superstar Shoaib Malik has accused India of colluding to defeat Pakistan

Latest Stories

We use cookies to give you the best possible experience. Learn more