| Thursday, 23rd June 2022, 6:48 pm

അസൂയ ഒന്നും ഇല്ല, എന്നാലും വല്ലാത്തൊരു സങ്കടം; 'ഇത് എത്ര കാലമുണ്ടാവുമെന്ന് നോക്കാം' മീഡിയ ലേലത്തിന് പിന്നാലെ ഐ.പി.എല്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ദിവസങ്ങള്‍ക്ക് മുമ്പാണ് ഐ.പി.എല്ലിന്റെ മീഡിയ ലേലം നടന്നത്. 2023-2027 സൈക്കിളിലെ സംപ്രേക്ഷണാവകാശത്തിനാണ് ലേലം നടന്നത്. 48,390 കോടി രൂപയാണ് ലേലത്തിലൂടെ ബി.സി.സി.ഐ സ്വന്തമാക്കിയത്.

ഇതോടെ എന്‍.എഫ്.എല്ലിന് ശേഷം ഏറ്റവും പണമൊഴുകുന്ന ഫ്രാഞ്ചൈസി ലീഗായും ഐ.പി.എല്‍ മാറിയിരുന്നു. എന്‍.ബി.എയെയും പ്രീമിയര്‍ ലീഗിനെയും കവച്ചുവെച്ചുകൊണ്ടായിരുന്നു ഐ.പി.എല്ലിന്റെ നേട്ടം.

എന്നാലിപ്പോള്‍, മീഡിയ ലേലത്തിന് പിന്നാലെ ഐ.പി.എല്ലിനെയും ബി.സി.സി.ഐയും വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം റാഷിദ് ലത്തീഫ്. ഇന്ത്യയിപ്പോള്‍ ക്രിക്കറ്റിനെ കുറിച്ചല്ല, ബിസിനസിനെ കുറിച്ചാണ് ചിന്തിക്കുന്നതെന്നായിരുന്നു ലത്തീഫിന്റെ വിമര്‍ശനം.

കോട്ട് ബിഹൈന്‍ഡ് (Caught Behind) എന്ന യൂട്യൂബ് ചാനലിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

‘ഇത് ബിസിനസിനെ കുറിച്ച് മാത്രമാണ്, ക്രിക്കറ്റിനെ കുറിച്ചല്ല. ഇത് ഒരിക്കലും നല്ലൊരു സന്ദര്‍ഭമല്ല. നമ്മള്‍ പണം നല്‍കുകയും മറ്റുള്ളവര്‍ അത് സമ്പാദിക്കുകയുമാണ് ചെയ്യുന്നത്.

ഇതൊരിക്കലും ക്രിക്കറ്റിന്റെ ക്വാളിറ്റിയെ കുറിച്ചേ അല്ല വ്യക്തമാക്കുന്നത്, ഇത് കേവലം ബിസിനസ് മാത്രമാണ്,’ റാഷിദ് ലത്തീഫ് പറയുന്നു.

ഇന്ത്യക്കാര്‍ എത്ര മണിക്കൂര്‍ ഐ.പി.എല്‍ മത്സരങ്ങള്‍ ടി.വിയില്‍ കണ്ടെന്ന് ചോദിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നു.

‘ഇത് ബിസിനസ് തന്നെയാണ്. നിങ്ങള്‍ക്കിതിനെ കളിയുടെ മൂല്യമെന്നോ മറ്റെന്ത് പേരുവേണമെങ്കിലും വിളിക്കാം, എന്നാല്‍ ഇത് ബിസിനസ് മാത്രമാണ്. ഇത് എത്രകാലം നിലനില്‍ക്കുമെന്ന് നമുക്ക് നോക്കാം,’ ലത്തീഫ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാകിസ്ഥാന്റെ ഫ്രാഞ്ചൈസി ലീഗായ പി.എസ്.എല്ലിനേക്കാളും പതിന്മടങ്ങാണ് ഐ.പി.എല്‍ ഒരു മത്സരത്തില്‍ നിന്നുമാത്രമായി സമ്പാദിക്കുന്നത്. പി.എസ്.എല്‍ ഒരു മത്സരത്തില്‍ നിന്നും ഏതാണ്ട് 2.75 കോടി രൂപയോളം നേടുമ്പോള്‍ 115 കോടിയിലധികമാണ് ഓരോ മത്സരത്തില്‍ നിന്നും ഐ.പി.എല്‍ നേടുന്നത്.

നേരത്തെ ഐ.പി.എല്‍ മോശം ലീഗാണെന്നും, പി.എസ്.എല്ലില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരാള്‍ പോലും ഐ.പി.എല്‍ കളിക്കാന്‍ പോകുമെന്നും പറഞ്ഞ മുന്‍ പാക് താരങ്ങളടക്കമുള്ള ഒരാള്‍ പോലും മീഡിയ ലേലത്തിന് ശേഷം ഐ.പി.എല്ലിനെ കുറിച്ച് ഒരു വാക്കുപോലും പറഞ്ഞിരുന്നില്ല.

ഡിസ്‌നി സ്റ്റാര്‍ ഇന്ത്യയാണ് ഐ.പി.എല്ലിന്റെ ടെലിവിഷന്‍ റൈറ്റ്‌സ് സ്വന്തമാക്കിയത്. 20,500 കോടി മുടക്കിയ വയകോം 18 ആണ് ഡിജിറ്റല്‍ റൈറ്റ്‌സിന്റെ അവകാശികള്‍.

Content highlight: Former Pakistan Superstar Rahsid Latif criticize IPL

We use cookies to give you the best possible experience. Learn more