ടി-20 ലോകകപ്പിന് കൊടിയേറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വമ്പന്‍ പ്രവചനവുമായി മുന്‍ പാക് സൂപ്പര്‍ താരം വസീം അക്രം. ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ള നാല് ടീമുകളെയാണ് വസീം അക്രം പ്രവചിച്ചിരിക്കുന്നത്.
ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഒക്ടോബര്‍ 16ന് ആരംഭിക്കാനിരിക്കവെയാണ് പാക് ലെജന്‍ഡിന്റെ പ്രവചനം. പാകിസ്ഥാനും ഇന്ത്യയമടക്കം നാല് ടീമുകളെയാണ് വസീം അക്രം തെരഞ്ഞെടുത്തിരിക്കുന്നത്.
ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസീസിനെയും മുന്‍ ചാമ്പ്യന്‍മാരായ ഇന്ത്യയെയും പാകിസ്ഥാനെയുമാണ് അക്രം ആദ്യം തന്നെ തെരഞ്ഞെടുത്തിരിക്കുന്നത്.
സെമിയിലെത്താന്‍ ഇന്ത്യക്ക് സാധ്യത കല്‍പിക്കുമ്പോഴും ഇന്ത്യന്‍ ബൗളിങ് നിരയെ കുറിച്ചുള്ള ആശങ്കകളും വസീം അക്രം പ്രകടിപ്പിക്കുന്നു. പ്രധാനമായും ഭുവനേശ്വര്‍ കുമാറിനെ ചൂണ്ടിക്കാട്ടിയായിരുന്നു മുന്‍ പാക് സ്പീഡ്സ്റ്ററിന്റെ വിമര്‍ശനം.
ഭുവനേശ്വര്‍ വളരെ മികച്ച ബൗളറാണെന്നും എന്നാല്‍ അദ്ദേഹത്തിന് പേസ് കുറവാണെന്നും വസീം അക്രം പറയുന്നു.
ഓസ്‌ട്രേലിയന്‍ പിച്ചില്‍ ഭുവി പ്രതിരോധത്തിലാകുമെന്നും എന്നാല്‍ സ്വിങ് ലഭിച്ചാല്‍ അവന് നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നും പറഞ്ഞ അക്രം ഭുവനേശ്വറിന് ആ സ്വിങ് ലഭിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.