| Sunday, 5th February 2023, 10:47 pm

ആറ് മത്സരത്തില്‍ അഞ്ച് തവണ നാണംകെടുത്തി, ഇത്തവണയയും അത് സംഭവിച്ചേക്കാം; വിരാടിനെ പുറത്താക്കാന്‍ പോകുന്നവനെ കുറിച്ച് പാക് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ വിരാട് കോഹ്‌ലിയെ കുറിച്ച് മുന്‍ പാക് താരം റാഷിദ് ലത്തീഫ്. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് വിരാടിനെ പരീക്ഷിക്കുമെന്ന് ഉറപ്പാണെന്നായിരുന്നു ലത്തീഫിന്റെ പരാമര്‍ശം.

വിരാട് കോഹ്‌ലിക്കെതിരെ മികച്ച സ്റ്റാറ്റുകളാണ് കമ്മിന്‍സിനുള്ളത്. ഇരുവരും കൊമ്പുകോര്‍ത്ത ആറ് മത്സരത്തില്‍ അഞ്ചിലും വിരാടിനെ പുറത്താക്കിയത് കമ്മിന്‍സ് ആയിരുന്നു. ടെസ്റ്റില്‍ ആകെ 84 റണ്‍സ് മാത്രമാണ് വിരാടിനെ കമ്മിന്‍സിനെതിരെ നേടാന്‍ സാധിച്ചത്.

വിരാട് കോഹ്‌ലി പാറ്റ് കമ്മിന്‍സിന്റെ ബണ്ണിയാണെന്നും വരാനിരിക്കുന്ന പരമ്പരയില്‍ വിരാട് കോഹ്‌ലി vs പാറ്റ് കമ്മിന്‍സ് പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

‘ടെസ്റ്റില്‍ വിരാട് കോഹ്‌ലി പാറ്റ് കമ്മിന്‍സിന്റെ ബണ്ണിയാണ്. ആറ് മത്സരങ്ങളില്‍ നിന്നും അഞ്ച് തവണ അവന്‍ വിരാടിനെ പുറത്താക്കിയിട്ടുണ്ട്. അവന്റെ ബൗളിങ് രീതി ഏതൊരു വമ്പന്‍ ബാറ്ററേയും കുഴക്കാന്‍ പോന്നതാണ്. വരാനിരിക്കുന്ന പരമ്പരയില്‍ വിരാട് കോഹ്‌ലിയും പാറ്റ് കമ്മിന്‍സും തമ്മിലുള്ള പോരാട്ടമായിരിക്കും കാണാന്‍ പോകുന്നത്,’ റാഷിദ് ലത്തീഫ് പറഞ്ഞു.

ഫെബ്രുവരി ഒമ്പതിന് വിദര്‍ഭയില്‍ വെച്ചാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. നാല് മത്സരങ്ങളാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലുള്ളത്.

ഇന്ത്യയെ സംബന്ധിച്ച് ഈ പരമ്പര ഏറെ നിര്‍ണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കണമെങ്കില്‍ വന്‍ മാര്‍ജിനില്‍ ഈ സീരീസ് ജയിക്കേണ്ടത് അത്യാവശ്യമാണ്. ഡബ്ല്യൂ.ടി.സി സൈക്കിളിലെ ഇന്ത്യയുടെ അവസാന പരമ്പരയാണിത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിക്കുക. ഒന്നാം സ്ഥാനത്തുള്ള ഓസീസ് ഇതിനോടകം തന്നെ ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്.

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്കും മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കക്കും ഫൈനലില്‍ പ്രവേശിക്കാന്‍ തുല്യ സാധ്യതയാണ് കല്‍പിക്കപ്പെടുന്നത്. അതിനാല്‍ തന്നെ വിജയം മാത്രമേ ഇന്ത്യക്ക് മുമ്പിലുള്ളൂ.

ഇന്ത്യ സ്‌ക്വാഡ് (ആദ്യ രണ്ട് ടെസ്റ്റ്)

ചേതേശ്വര്‍ പൂജാര, കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്‌ലി, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ജയദേവ് ഉനദ്കട്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

ഓസ്‌ട്രേലിയ സ്‌ക്വാഡ്

ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷാന്‍, മാറ്റ് റെന്‍ഷോ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, ആഷ്ടണ്‍ അഗര്‍, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്വെപ്‌സണ്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, ലാന്‍സ് മോറിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, ടോഡ് മര്‍ഫി, നഥാന്‍ ലിയോണ്‍.

Content Highlight: Former Pakistan star Rashid Latif about Virat Kohli and Pat Cummins

We use cookies to give you the best possible experience. Learn more