ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് പാകിസ്ഥാന്‍ സ്റ്റാര്‍ പേസര്‍ ഷോയിബ് അക്തര്‍. തീ തുപ്പുന്ന പന്തുകളെറിഞ്ഞ് ബാറ്ററെ വിറപ്പിക്കുന്നതിനാലാണ് ക്രിക്കറ്റ് ലോകം റാവല്‍പിണ്ടി എക്‌സ്പ്രസ് എന്ന ഓമനപ്പേര് താരത്തിന് ചാര്‍ത്തിക്കൊടുത്തത്.
തന്റെ കാലയളവിലെ ഏറ്റവും മികച്ച ബൗളറായിരുന്ന അക്തര്‍ തൊട്ടടുത്ത ജനറേഷനിലെ ഏറ്റവും മികച്ച ബാറ്ററിലൊരാളായ വിരാട് കോഹ്‌ലിയെ കുറിച്ച് ഒരു നിരീക്ഷണം നടത്തിയിരിക്കുകയാണ്. തന്റെ കാലത്തായിരുന്നു വിരാട് കളിച്ചിരുന്നതെങ്കില്‍ താരത്തിന് അധികം റണ്ണടിക്കാന്‍ സാധിക്കില്ലെന്നാണ് അക്തറിന്റെ നിരീക്ഷണം.
ഐ.പി.എല്ലിനോടനുബന്ധിച്ച് സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
50 സെഞ്ച്വറിയൊന്നും കോഹ്‌ലിയുടെ പേരില്‍ ഉണ്ടാകുമായിരുന്നില്ല. കൂടിപ്പോയാല്‍ ഇരുപതോ ഇരുപത്തിയഞ്ചോ മാത്രം ഉണ്ടാവും, എന്നാല്‍ അതെല്ലാം തന്നെ എണ്ണം പറഞ്ഞ സെഞ്ച്വറികളുമായിരിക്കും. ഞാന്‍ അവന്റെ ഏറ്റവും ബെസ്റ്റ് തന്നെ പുറത്തുകൊണ്ടുവന്നേനെ,’ അക്തര്‍ പറയുന്നു.
2010ല്‍ ശ്രീലങ്കയിലെ ദാംബുള്ളയില്‍ വെച്ച് നടന്ന ഏഷ്യ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇരുവരും ടീമിലുണ്ടായിരുന്നു. എന്നാല്‍ കോഹ്‌ലി നേരത്തെ തന്നെ പുറത്തായതോടെ ഇവര്‍ തമ്മിലുള്ള പോരാട്ടത്തിന് സാക്ഷിയാകാന്‍ ക്രിക്കറ്റ് ലോകത്തിന് സാധിക്കാതെ പോയി.
23,650 റണ്‍സാണ് വിരാട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അടിച്ചുകൂട്ടിയത്. ടെസ്റ്റില്‍ നിന്നും 8,043ഉം ഏകദിനത്തില്‍ നിന്ന് 12,311ഉം റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. കുട്ടിക്രിക്കറ്റില്‍ നിന്നും 3,296 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്.