|

അന്ന് ഗാംഗുലിയെ തീര്‍ക്കാന്‍ തന്നെയായിരുന്നു പരിപാടി; വിക്കറ്റിലല്ല, പകരം അവിടെ ലക്ഷ്യം വെക്കാനായിരുന്നു നിര്‍ദേശം: അക്തര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച റൈവല്‍റിയാണ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങള്‍. കൊണ്ടും കൊടുത്തും മുന്നേറുകയും മറ്റേത് ടീമിനോട് തോറ്റാലും പാകിസ്ഥാനോട് മാത്രം തോല്‍ക്കരുതെന്ന വാശിയുമായി ഇന്ത്യയും, എന്ത് സംഭവിച്ചാലും ഇന്ത്യയോട് തോല്‍ക്കരുതെന്ന് പാകിസ്ഥാനും മനസിലുറപ്പിച്ച് മത്സരബുദ്ധിയോടെ കളിക്കുന്ന മത്സരങ്ങള്‍ എന്നും ക്രിക്കറ്റ് ആരാധകര്‍ക്ക് വിരുന്നായിരുന്നു.

എന്നാല്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ – നയതന്ത്ര ബന്ധങ്ങള്‍ ക്രിക്കറ്റിനെയും ബാധിച്ചു. ഒരു ദശാബ്ദമായി ഒരു ബൈലാറ്ററല്‍ മത്സരം പോലും കളിക്കാത്ത ഇരുവരും ഐ.സി.സി. ഇവന്റുകളില്‍ മാത്രമാണ് ഏറ്റുമുട്ടാറുള്ളത്.

വരാനിരിക്കുന്ന ഏഷ്യാ കപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും ഇനി നേര്‍ക്കുനേര്‍ കൊരുക്കാനുള്ളത്. കാലങ്ങള്‍ക്ക് ശേഷം ഇരുവരും നേര്‍ക്കുനേര്‍ വരുന്നു എന്നതിനാല്‍ തന്നെ ഈ മത്സരത്തിന് ലഭിക്കുന്ന ഹൈപ്പ് ചെറുതല്ല.

ഏഷ്യാ കപ്പിന് മുന്നോടിയായി മുന്‍ പാക് സൂപ്പര്‍ താരം ഷോയിബ് അക്തര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധയാവുന്നത്. മുന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ വിരേന്ദര്‍ സേവാഗിനൊപ്പം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ സ്‌പെഷ്യല്‍ ഷോയായ ‘ഫ്രെനിമീസ്’ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അക്തര്‍ പഴയ മത്സരത്തിനിടെയുള്ള സംഭവങ്ങളെ കുറിച്ച് പറഞ്ഞത്.

1999ല്‍ മൊഹാലിയില്‍ വെച്ച് നടന്ന ഒരു മത്സരത്തെ കുറിച്ചാണ് അക്തര്‍ പറയുന്നത്.

മത്സരത്തില്‍ ഇന്ത്യന്‍ താരം ഗാംഗുലിയുടെ വാരിയെല്ലില്‍ പന്തടിച്ചിരുന്നു. വേദനകൊണ്ട് പുളഞ്ഞ ഗാംഗുലി ബാറ്റിങ് പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു.

മത്സരത്തിന് മുമ്പുള്ള മീറ്റിങ്ങില്‍ ഗാംഗുലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങളെയും എറിഞ്ഞിടാനായിരുന്നു തനിക്ക് ലഭിച്ച നിര്‍ദേശമെന്നാണ് അക്തര്‍ പറയുന്നത്.

എറിയാന്‍ സാധിക്കുന്ന അത്രയും വേഗത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ വാരിയെല്ലിനും തലയ്ക്കും എറിയാനും വിക്കറ്റുകള്‍ ബാക്കി ബൗളര്‍മാര്‍ വീഴ്ത്തിക്കൊള്ളുമെന്നുമായിരുന്നു ക്യാപ്റ്റന്‍ തന്നോട് പറഞ്ഞതെന്നാണ് അക്തര്‍ പറയുന്നത്.

‘ഞാനവരെ പുറത്താക്കണ്ടേ? എന്നായിരുന്നു ഞാന്‍ ചോദിച്ചത്. എന്നാല്‍ വേണ്ട, നിന്റെ മാരകമായ പേസ് ഉപയോഗിച്ച് ബാറ്ററെ എറിഞ്ഞിട്ടേക്ക്, ബാക്കിയെല്ലാം ഞങ്ങള്‍ നോക്കിക്കൊള്ളാം എന്നായിരുന്നു അവര്‍ പറഞ്ഞത്,’ അക്തര്‍ പറയുന്നു.

എന്നാല്‍ ഈ അഭിമുഖം കണ്ടാല്‍ ഗാംഗുലി അസ്വസ്ഥനാകുമെന്ന് സേവാഗ് പറഞ്ഞപ്പോള്‍ ഇക്കാര്യം താന്‍ നേരത്തെ ഗാംഗുലിയോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു അക്തറിന്റെ മറുപടി.

‘ഞങ്ങളുടെ പ്ലാന്‍ നിങ്ങളെ ഔട്ടാക്കുകയല്ല, മറിച്ച് നിങ്ങളെ പരിക്കേല്‍പിക്കുക എന്നതായിരുന്നു എന്ന കാര്യം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു,’ അക്തര്‍ പറഞ്ഞു.

ഗാംഗുലി പുറത്താക്കിയ അക്തറിന്റെ ആ ഡെലിവറിയുടെ വീഡിയോ കാണാം;

താന്‍ പന്തെറിഞ്ഞതില്‍ വെച്ച് ഏറ്റവും ധീരനായ ബാറ്റര്‍ ഗാംഗുലിയാണെന്ന് അക്തര്‍ പലതവണ പറഞ്ഞിട്ടുണ്ടായിരുന്നു. കളിക്കളത്തിന് പുറത്ത് മികച്ച ബന്ധം സൂക്ഷിച്ചിരുന്നവരായിരുന്നു ഇരുവരും.

പാകിസ്ഥാന്‍ താരങ്ങള്‍ പങ്കെടുത്ത ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ അക്തര്‍ കളിക്കുകയും ചെയ്തിരുന്നു.

Content Highlight: Former Pakistan Star Pacer Shoaib Akhtar About Pakistan’s Plan In India vs Pakistan Match in 1999