ഇന്ത്യക്കെതിരായ പരാജയത്തിന് പിന്നാലെ പാക് നായകന്‍ ബാബര്‍ അസമിന് പല തരത്തിലുമുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ബാബറിനെ പാകിസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
ഇന്ത്യക്കെതിരായ പരാജയത്തിന് പിന്നാലെ ബാബറിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് മുന്‍ നായകന്‍ ഷോയ്ബ് മാലിക് ആവശ്യപ്പെട്ടിരുന്നു. ബാബര്‍ ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിക്കണമെന്നും ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
എന്നാല്‍ മാലിക്കിന്റെ അഭിപ്രായത്തോട് വിയോജിക്കുകയാണ് മുന്‍ പാക് താരം മുഹമ്മദ് യൂസഫ്. മാലിക്കിനെ തിരുത്താതിരുന്ന ഇതിഹാസ താരം വസീം അക്രമിനോടും യൂസഫ് തന്റെ വിയോജിപ്പ് അറിയിക്കുന്നുണ്ട്.
കഴിവുള്ള താരങ്ങളെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തണമെന്നും രണ്ട് ലോകകപ്പുകളില്‍ പരാജയപ്പെട്ട ശേഷം മാത്രമാണ് ഇമ്രാന്‍ ഖാന് 1992 ലോകകപ്പ് നേടാന്‍ സാധിച്ചതെന്നും യൂസഫ് പറഞ്ഞു. ബാബറിന് ക്യാപ്റ്റനാകാനുള്ള എല്ലാ കഴിവും ഉണ്ടെന്നും ക്രിക്കറ്റ് ബോര്‍ഡുമായുള്ള പിടിപാടുകള്‍ കാരണമല്ല ആ സ്ഥാനത്തെത്തിയതെന്നും യൂസഫ് പറഞ്ഞു.
‘ലോകകപ്പിന്റെ സമയത്ത് ഇത്തരമൊരു ചര്‍ച്ചയുടെ തന്നെ ആവശ്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇമ്രാന്‍ ഖാനാണ് 1983ലും 1987ലും ടീമിനെ നയിച്ചത്. ഈ രണ്ട് തവണയും പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. രണ്ട് തവണ പരാജയപ്പെട്ട ശേഷം മൂന്നാം തവണ, 1992ലാണ് പാകിസ്ഥാന്‍ കപ്പുയര്‍ത്തിയത്.
കഴിവുള്ള ഏത് താരത്തെയും കൂടുതല്‍ കാലം ക്യാപ്റ്റനായിരിക്കാന്‍ അനുവദിക്കണം. അവന്റെ കഴിവുകള്‍ കാരണമാണ് അവന്‍ ടീമിന്റെ ക്യാപ്റ്റനായിരിക്കുന്നത്. അല്ലാതെ പി.സി.ബി ചെയര്‍മാനുമായുള്ള ബന്ധം കാരണമല്ല.
അവന്‍ ഒരു യഥാര്‍ത്ഥ ക്യാപ്റ്റനാണ്. ഇക്കാരണത്താല്‍ അവനെ കുറിച്ച് ഇങ്ങനെ സംസാരിക്കുന്നത് പാകിസ്ഥാനും അദ്ദേഹത്തിനും ഒരു നഷ്ടമാണ്, അതും പ്രത്യേകിച്ച് ഇന്ത്യക്കെതിരായ പരാജയത്തിന് പിന്നാലെ. വസീം അക്രം അവന്റെ (ഷോയ്ബ് മാലിക്) അടുത്ത് ഇരിക്കുന്നതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്. അദ്ദേഹം പോലും അവനെ തടഞ്ഞില്ല,’ യൂസഫ് പറഞ്ഞു.
മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയവുമായി പോയിന്റ് പട്ടികയില്‍ നിന്നും നാല് പോയിന്റോടെ നാലാം സ്ഥാനത്താണ് പാകിസ്ഥാന്‍. ഓസ്‌ട്രേലിയക്കെതിരായാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ഒക്ടോബര്‍ 20ന് ബെംഗളൂരുവില്‍ വെച്ചാണ് മത്സരം അരങ്ങേറുന്നത്.
Content Highlight: Former Pakistan star Mohammad Yousuf backs Babar Azam