ഇന്ത്യ – സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മഴമൂലം 40 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ കേവലം ഒമ്പത് റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.
ഇന്ത്യന്‍ ടീമിന്റെ മുന്‍നിര ബാറ്റര്‍മാരെല്ലാം തന്നെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണപ്പോള്‍ മിഡില്‍ ഓര്‍ഡറായിരുന്നു ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
അഞ്ചാമനായി ഇറങ്ങിയ ശ്രേയസ് അയ്യരും ആറാമനായി ഇറങ്ങിയ സഞ്ജു സാംസണുമായിരുന്നു ഇന്ത്യക്കായി മികച്ച ഇന്നിങ്‌സ് കളിച്ചത്. 37 പന്തില്‍ നിന്നും 50 റണ്‍സെടുത്ത അയ്യര്‍ പുറത്തായപ്പോള്‍ 63 പന്തില്‍ നിന്നും 86 റണ്‍സുമായി സഞ്ജു പുറത്താവാതെ നിന്നു.
എന്നിരുന്നാലും 249 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ഇന്ത്യ 240ന് എട്ട് എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
മത്സരത്തിന് പിന്നാലെ സഞ്ജുവിനെ പുകഴ്ത്തി ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളില്‍ പലരും രംഗത്തെത്തിയിരുന്നു. ഇന്ത്യ പരാജയപ്പെട്ടെങ്കിലും സഞ്ജുവിന്റെ ഇന്നിങ്‌സിനെ അഭിനന്ദിച്ചായിരുന്നു ഇവര്‍ രംഗത്തുവന്നത്.
എന്നാല്‍ സഞ്ജുവിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കമ്രാന്‍ അക്മല്‍. ഇന്നിങ്‌സിന്റെ ആദ്യമേ തന്നെ ആക്രമിച്ചു കളിക്കാന്‍ സഞ്ജു മുതിര്‍ന്നിരുന്നില്ല എന്നും ഇതാണ് ഇന്ത്യക്ക് വിനയായത് എന്നുമായിരുന്നു കമ്രാന്‍ അക്മല്‍ പറഞ്ഞത്.
തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിന്റെ വിമര്‍ശനം.
‘ഇന്നിങ്‌സിന്റെ തുടക്കത്തില്‍ സഞ്ജു സമയമെടുത്താണ് കളിച്ചത്. ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ക്കുതന്നെ ആക്രമിച്ചു കളിക്കാന്‍ സഞ്ജു മുതിര്‍ന്നിരുന്നെങ്കില്‍ കഥ മറ്റൊന്നായേനെ.
അവന്‍ 86 റണ്‍സ് നേടി എന്ന കാര്യം ശരി തന്നെ, എന്നാല്‍ ആദ്യ 30-35 പന്തില്‍ അറ്റാക്ക് ചെയ്തു കളിക്കാനുള്ള ഒരു ശ്രമം സഞ്ജുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല.
വലിയ ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ അദ്ദേഹത്തിന് ഒട്ടും അനുഭവപരിചയം ഉണ്ടായിരുന്നില്ല,’ കമ്രാന്‍ അക്മല്‍ പറയുന്നു.
കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് പിന്നിലാണ്. അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പരമ്പര നേടാന്‍ സാധിക്കൂ.
ഒക്ടോബര്‍ ഒമ്പതിനാണ് പരമ്പരയിലെ അടുത്ത മത്സരം. റാഞ്ചിയാണ് വേദി.
Content Highlight: Former Pakistan star Kamran Akmal criticize Sanju Samson