ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുമാണ് ഇന്ത്യയുടെ ബംഗ്ലാദേശ് ടൂറിലുള്ളത്.
ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു. ബംഗ്ലാദേശിന്റെ മുന്‍ നായകന്‍ ഷാകിബ് അല്‍ ഹസന്റെയും എദോബാത് ഹുസൈന്റെയും ബൗളിങ്ങിന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഇന്ത്യ തോല്‍വിയടഞ്ഞത്.
കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും പരമ്പരയില്‍ മേല്‍ക്കൈ നേടാനും ബംഗ്ലാദേശിന് സാധിച്ചു.
ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയും കോച്ച് രാഹുല്‍ ദ്രാവിഡിനെയുമടക്കം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ താരം ഡാനിഷ് കനേരിയ.
ഇന്ത്യന്‍ ക്രിക്കറ്റ് നാശത്തിന്റെ പാതയിലാണെന്നും ഇന്ത്യന്‍ ടീം എന്ത് തരത്തിലുള്ള ക്രിക്കറ്റാണ് കളിക്കുന്നതെന്നും ഡാനിഷ് കനേരിയ ചോദിക്കുന്നു.
‘അവര്‍ കളിച്ചുകൊണ്ടിരിക്കുന്ന രീതി കണക്കിലെടുക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തകര്‍ച്ചയുടെ വക്കിലേക്കാണ് വേഗത്തില്‍ പോയ്‌ക്കൊണ്ടിരിക്കുന്നത് എന്നാണ് തോന്നുന്നത്.
അവര്‍ വലിയ വലിയ കാര്യങ്ങള്‍ സംസാരിക്കുമെങ്കിലും കളിക്കുമ്പോള്‍ അതൊന്നും നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് ബംഗ്ലാദേശിന്റെ വാലറ്റക്കാര്‍ ഇന്ത്യയെ പഠിപ്പിച്ചുകൊടുതുത്തു. ബാറ്റ് ചെയ്യുമ്പോള്‍ അവര്‍ പത്ത് ഓവര്‍ പാഴാക്കി,’ കനേരിയ പറഞ്ഞു.
വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി മാത്രം സഞ്ജു സാംസണെ ടീമിലെടുക്കുന്നത് കൊണ്ട് കാര്യമില്ലെന്നും, താരത്തെ സ്ഥിരമായി ടീമിള്‍ ഉള്‍പ്പെടുത്തണമെന്നും കനേരിയ പറയുന്നു.
‘നിങ്ങള്‍ക്ക് പന്തിനെ ഈ പരമ്പരയില്‍ കളിപ്പിക്കണം, എന്നാല്‍ പന്തിനെ ടീമില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. വിമര്‍ശകരുടെ വായടപ്പിക്കാന്‍ മാത്രമാണ് നിങ്ങള്‍ സഞ്ജുവിന് അവസരം നല്‍കുന്നത്,’ താരം കൂട്ടിച്ചേര്‍ത്തു.
ആദ്യ മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ലിട്ടണ്‍ ദാസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ബൗളര്‍മാരും പുറത്തെടുത്തത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ ഇന്ത്യന്‍ നിര ആകെ പരുങ്ങി.
ഒടുവില്‍ 186 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടാവുകയായിരുന്നു.
ഇന്ത്യയെ ചെറിയ സ്‌കോറില്‍ എറിഞ്ഞിട്ടെങ്കിലും ബംഗ്ലാദേശിനും ചെയ്‌സിങ് എളുപ്പമായിരുന്നില്ല. ഒടുവില്‍ 46 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഏറെ പണിപ്പെട്ടാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്.
ഡിസംബര്‍ ഏഴിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ആദ്യ മത്സരം നടന്ന മിര്‍പൂരിലെ ഷേര്‍-ഇ-ബംഗ്ലയില്‍ വെച്ച് തന്നെയാണ് മത്സരം നടക്കുന്നത്.
Content Highlight: Former Pakistan star Danish Kaneria slams Rohit Sharma and Rahul Dravid