ഇന്ത്യ-ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് സൂപ്പര്‍ താരം ഡാനിഷ് കനേരിയ.
രോഹിത് ശര്‍മ കളിക്കളത്തില്‍ സ്വീകരിച്ച പല തീരുമാനങ്ങളും പിഴച്ചെന്നും അതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായതെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന് മുഴുവന്‍ ഓവറും നല്‍കാതിരുന്നതിനെയാണ് കനേരിയ ചോദ്യം ചെയ്യുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
‘കളിക്കളത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നിരവധി മോശം തീരുമാനങ്ങള്‍ സ്വീകരിച്ചു. നിങ്ങളെപ്പോഴാണ് വാഷിങ്ടണ്‍ സുന്ദറിനെ കൊണ്ട് പന്തെറിയിക്കാന്‍ പോകുന്നത്? തിരികെ നാട്ടിലെത്തിയിട്ടാണോ? അവന്‍ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത്. എനിക്കൊന്നും തന്നെ മനസിലാകുന്നില്ല,’ കനേരിയ പറയുന്നു.
സുന്ദറിന് അഞ്ച് ഓവര്‍ ബാക്കിയുണ്ടായിരുന്നു. മുസ്തഫിസുര്‍ റഹീം ഇടംകയ്യന്‍ ബാറ്ററാണ്. ഒരു ഇടംകയ്യന്‍ ടെയ്ല്‍ എന്‍ഡറിനെതിരെ ഓഫ് സ്പിന്നറെ കൊണ്ട് പന്തെറിയിച്ചാല്‍ വിക്കറ്റ് ലഭിക്കുമെന്നത് എല്ലാ അണ്ടര്‍ 16 അല്ലെങ്കില്‍ അണ്ടര്‍ 18 താരത്തിന് പോലും അറിയാവുന്ന കാര്യമാണ്.
സുന്ദര്‍ പന്തെറിയുകയാണെങ്കില്‍ ഒരുപക്ഷേ കളി തന്നെ മാറി മറിയുമായിരുന്നു. എന്നാല്‍ രോഹിത് ശര്‍മക്ക് അവനെക്കൊണ്ട് പന്തെറിയിക്കേണ്ടിയിരുന്നില്ല,’ കനേരിയ പറയുന്നു.
കഴിഞ്ഞ മത്സരത്തില്‍ അഞ്ച് ഓവറായിരുന്നു വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞത്. മികച്ച രീതിയിലായിരുന്നു താരം പന്തെറിഞ്ഞത്. അഞ്ച് ഓവറില്‍ 3.40 എക്കോണമിയില്‍ 17 റണ്‍സ് മാത്രമായിരുന്നു താരം വഴങ്ങിയത്. ഇതിന് പുറമെ ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനിന്റെതടക്കം രണ്ട് വിക്കറ്റ് വീഴ്ത്താനും താരത്തിന് സാധിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ബൗളിങ്ങിന് മുമ്പില്‍ ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിയുകയായിരുന്നു. പത്ത് ഓവര്‍ പന്തെറിഞ്ഞ് കേവലം 36 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുന്‍ നായകന്‍ ഷാകിബ് അല്‍ ഹസനും 8.2 ഓവറില്‍ 47 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ എദാബോത് ഹുസൈനുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 186 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ.
ഇന്ത്യയെ ചെറിയ സ്‌കോറില്‍ എറിഞ്ഞിട്ടെങ്കിലും ബംഗ്ലാദേശിനും ചെയ്സിങ് എളുപ്പമായിരുന്നില്ല. ഒടുവില്‍ 46 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഏറെ പണിപ്പെട്ടാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്.