| Saturday, 25th June 2022, 7:43 pm

രോഹിത് ശര്‍മയും റിഷബ് പന്തും നിലവാരം പുലര്‍ത്തുന്നില്ല; ഇന്ത്യന്‍ നായകന്‍മാര്‍ക്കെതിരെ പാകിസ്ഥാന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പാകിസ്ഥാന്റെ സൂപ്പര്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ഇരുവരും ഫിറ്റനെസ് നിലനിര്‍ത്തുന്നതില്‍ പാരജയമാണെന്നായിരുന്നു മുന്‍ പാക് താരത്തിന്റെ വിമര്‍ശനം.

ഇരുവരും മികച്ച ഫോമിലല്ലെന്നും അതിനാല്‍ തന്നെ കായികക്ഷമത നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നുമായിരുന്നു കനേരിയയുടെ വിലയിരുത്തല്‍.

രോഹിത് ശര്‍മയേക്കാളേറെ ശ്രദ്ധിക്കേണ്ടത് പന്താണെന്നും, ഒരു വിക്കറ്റ് കീപ്പറെ സംബന്ധിച്ച് ഫിറ്റ്‌നെസ് എന്നത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറയുന്നു.

തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘റിഷബ് പന്തിന്റെ ഫിറ്റ്‌നെസ് ശരാശരിയിലും താഴെയാണ്. ഇത് എന്റെ അഭിപ്രായമാണ്. അവന്‍ ശരാശരയിലും താഴെ മാത്രമാണ്. ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് പന്ത് ഏറെ പുറകിലാണ്,’ കനേരിയ പറയുന്നു.

പന്തിന് പുറമെ രോഹിത് ശര്‍മയുടെ ഫിറ്റ്‌നെസിന്റെ കാര്യത്തിലും തനിക്ക് ആശങ്കകളുണ്ടെന്നും ഒരു ബാറ്റര്‍ എന്ന നിലയില്‍ ഇക്കാര്യം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

‘രോഹിത് ശര്‍മയും ഒരിക്കലും മികച്ച ഫോമിലല്ല. എന്നിരുന്നാലും അദ്ദേഹം ഒരു ബാറ്ററായതുകൊണ്ട് അത് അദ്ദേഹത്തെ സംബന്ധിച്ച് ഓ.കെ ആയിരിക്കും.

എന്നാല്‍ റിഷബ് പന്ത് ഒരിക്കലും അങ്ങനെ അല്ല. ഒരു വിക്കറ്റ് കീപ്പറായിരിക്കെ അവന്‍ ഫിറ്റ്‌നെസ് വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്,’ താരം കൂട്ടിച്ചേര്‍ത്തു.

പന്തിന്റെ സമീപകാലത്തെ മത്സരങ്ങള്‍ കാണുമ്പോള്‍ ഈ കുറവ് മനസിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. ഇതിന് പുറമെ പന്ത് മാനസികമായ ശക്തിയും പക്വതയും കൈവരിക്കണമെന്നും കനേരിയ സൂചിപ്പിച്ചു.

ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് സ്‌ക്വാഡില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ട്. ജൂലൈ ഒന്ന് മുതല്‍ അഞ്ച് വരെയാണ് മത്സരം.

കഴിഞ്ഞ വര്‍ഷം കൊവിഡ് മൂലം മാറ്റിവെക്കപ്പെട്ട ടെസ്റ്റാണ് ഇപ്പോള്‍ നടക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുമ്പിലാണ്. ടെസ്റ്റിന് പിന്നാലെ ഏകദിന – ടി20 പരമ്പരയും ഇംഗ്ലണ്ടിനെതിരെ നടക്കുന്നുണ്ട്.

Content Highlight: Former Pakistan Star Danish Kaneria Criticize Rishabh Pant and Rohit Sharma

We use cookies to give you the best possible experience. Learn more