| Sunday, 24th July 2022, 2:29 pm

സഞ്ജു അതിന് റിഷബ് പന്തൊന്നുമല്ലല്ലോ, പ്രത്യേകിച്ചൊന്നും അവനിലില്ല; ഇന്ത്യന്‍ താരങ്ങള്‍ക്ക് പുറമെ സഞ്ജുവിനെതിരെ രൂക്ഷവിമര്‍ശനവുമായി പാക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ നാളുകള്‍ക്ക് ശേഷമായിരുന്നു സഞ്ജു സാംസണ്‍ ഇന്ത്യന്‍ ഏകദിന ടീമിലേക്ക് മടങ്ങിയെത്തിയത്. ഇന്ത്യ – വിന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു താരം ടീമില്‍ ഇടം നേടിയത്.

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലുള്ള സ്‌ക്വാഡില്‍ സഞ്ജു ഉള്‍പ്പെട്ടിരുന്നുവെങ്കിലും താരത്തെ ആദ്യ ഇലവനില്‍ പരിഗണിക്കുമോ എന്ന് ആരാധകര്‍ക്ക് പരക്കെ ആശങ്കയുണ്ടായിരുന്നു.

എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ താരത്തിന് ടീമില്‍ ഇടം നല്‍കിയിരുന്നു. സഞ്ജുവിന്റെ സ്‌ട്രോങ് ഹാന്‍ഡായ വിക്കറ്റ് കീപ്പറായി തന്നെയായിരുന്നു താരം ടീമില്‍ ഇടം നേടിയത്.

വിക്കറ്റ് കീപ്പിങില്‍ മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. അവസാന ഓവറില്‍ സിറാജിന്റെ വൈഡ് തടഞ്ഞില്ലായിരുന്നുവെങ്കില്‍ വെസ്റ്റ് ഇന്‍ഡീസ്‌ന് മത്സരം ജയിക്കാന്‍ സാധിക്കുമായിരുന്നു.

മൂന്ന് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം എന്നതാണ് സഞ്ജുവിന്റെ ഈ സേവിനെ എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാക്കിയത്.

എന്നാല്‍, ബാറ്റിങ്ങില്‍ താരം പരാജയമായിരുന്നു. 18 പന്തില്‍ നിന്നും 12 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. റൊമാരിയോ ഷെപ്പേര്‍ഡിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് സഞ്ജു മടങ്ങിയത്.

ഈ സാഹചര്യത്തില്‍ സഞ്ജുവിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം ഡാനിഷ് കനേരിയ. സഞ്ജു വീണ്ടും പരാജയപ്പെട്ടെന്നും ദീപക് ഹൂഡയെ സഞ്ജുവിന് മുമ്പേ ഇറക്കണമായിരുന്നുവെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.

‘സഞ്ജുവിന് വീണ്ടും ഒരു അവസരം ലഭിച്ചു, പക്ഷേ അവനെക്കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായിരുന്നില്ല. റൊമാരിയോ ഷെപ്പേര്‍ഡ് ഔട്ടാക്കുന്നത് വരെ അവന്‍ ഔട്ട് ഓഫ് ഫോം ആയാണ് കാണപ്പെട്ടത്.

ദീപക് ഹൂഡയായിരുന്നു സഞ്ജുവിന് മുമ്പ് ഇറങ്ങേണ്ടിയിരുന്നത്. അവന്‍ അത്യാവശ്യം ഫോമിലാണ്, റണ്‍സ് സ്‌കോര്‍ ചെയ്യാനും അവനെക്കൊണ്ട് സാധിക്കുന്നുണ്ട്,’ കനേരിയ പറഞ്ഞു.

മധ്യനിരയില്‍ സൂര്യകുമാര്‍ യാദവും സഞ്ജുവും മങ്ങിയപ്പോള്‍ അല്‍പമെങ്കിലും ചെറുത്തുനിന്നത് ദീപക് ഹൂഡയാണ്. 27 റണ്‍സാണ് താരം ടോട്ടല്‍ സ്‌കോറിലേക്ക് സംഭാവന ചെയ്തത്. പിന്നാലെയെത്തിയ അക്‌സര്‍ പട്ടേലും മികച്ച രീതിയില്‍ ചെറുത്തുനിന്നതോടെയാണ് ഇന്ത്യ 308ലേക്കെത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനെ 305 റണ്‍സില്‍ തളച്ചതോടെ 3 റണ്‍സിന് കഷ്ടിച്ച് ജയിക്കുകയായിരുന്നു.

പരമ്പരയിലെ രണ്ടാം മത്സരം ജൂലൈ 24 ഞായറാഴ്ചയാണ്. ഓവല്‍ തന്നെയാണ് മത്സരവേദി. രണ്ടാം മത്സരത്തില്‍ ആദ്യ ഏകദിനത്തില്‍ കളിച്ച അതേ ടീമിനെ തന്നെ ഇറക്കാനാവും സാധ്യത കല്‍പിക്കുന്നത്.

Content highlight: Former Pakistan Star Danish Kaneria against Sanju Samson

We use cookies to give you the best possible experience. Learn more