| Sunday, 26th March 2023, 6:45 pm

സൂര്യ 'സ്വര്‍ണമുട്ടയിടാന്‍' കാരണക്കാരന്‍ രോഹിത് ശര്‍മ ഒറ്റയൊരുത്തന്‍; വിരാടിന് നല്‍കിയതൊന്നും ഇവന് നല്‍കിയില്ല: പാക് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

തന്റെ കരിയറില്‍ തന്നെ സൂര്യകുമാര്‍ യാദവ് മറക്കാന്‍ ശ്രമിക്കുന്ന പരമ്പരയായിരിക്കും ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം. ഏകദിന പരമ്പരയിലെ മൂന്ന് മത്സരത്തില്‍ തുടര്‍ച്ചയായി നേരിട്ട ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായി പുറത്തായി തല കുനിച്ചിരിക്കണ്ട അവസ്ഥയിലാണ് സൂര്യയിപ്പോള്‍.

ഏകദിന ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി ഗോള്‍ഡന്‍ ഡക്കാവുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന മോശം റെക്കോഡും ഇപ്പോള്‍ സൂര്യകുമാറിനെ തേടിയെത്തിയിരിക്കുകയാണ്.

എന്നാല്‍ സൂര്യകുമാറിന്റെ നിലവിലെ അവസ്ഥക്ക് കാരണക്കാരന്‍ രോഹിത് ശര്‍മയും ടീം മാനേജ്‌മെന്റുമാണെന്ന് പറയുകയാണ് മുന്‍ പാക് സൂപ്പര്‍ താരം ഡാനിഷ് കനേരിയ. ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തിയതാണ് താരത്തിന് ശോഭിക്കാന്‍ സാധിക്കാതെ പോയതിനുള്ള കാരണമെന്നാണ് കനേരിയയുടെ നിരീക്ഷണം.

വിരാട് കോഹ്‌ലിയുടെ മേല്‍ രോഹിത് ശര്‍മയും മാനേജ്‌മെന്റും വെച്ചുപുലര്‍ത്തിയ അതേ കോണ്‍ഫിഡന്‍സ് സൂര്യകുമാറിലും കാണിക്കണമെന്നായിരുന്നു കനേരിയുടെ അഭിപ്രായം.

‘ ടീം മാനേജ്‌മെന്റ് സൂര്യകുമാര്‍ യാദവില്‍ ഒരു ആത്മവിശ്വാസവും കാണിക്കുന്നില്ല. ഒരു ലോജിക്കുമില്ലാതെയാണ് അവന്റെ ബാറ്റിങ് ഓര്‍ഡര്‍ മാറ്റിയത്.

വിരാട് കോഹ്‌ലി പോലും മോശം ഫോമില്‍ നിന്ന് മടങ്ങിയെത്താന്‍ ഏറെ സമയമെടുത്തിരുന്നു. എന്നാല്‍ വിരാടിന്റെ ബാറ്റിങ് പൊസിഷന്‍ ഒരിക്കല്‍ പോലും മാറിയിട്ടില്ല. എന്തുകൊണ്ടാണ് സൂര്യകുമാറിനോട് മാത്രമിങ്ങനെ? ടീം മാനേജ്‌മെന്റാണ് എല്ലാത്തിനും കാരണം.

ഇത് രോഹിത് ശര്‍മയുടെയും തെറ്റ് തന്നെയാണ്. അവന്റെ കോണ്‍ഫിഡന്‍സ് കുറഞ്ഞപ്പോള്‍ എല്ലാവരും അവനെ ഡീമോട്ടിവേറ്റ് ചെയ്യുകയായിരുന്നു. രോഹിത് ശര്‍മ അവനെ പിന്തുണക്കണമായിരുന്നു,’ കനേരിയ പറഞ്ഞു.

പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും സമാനമായ രീതിയിലാണ് സൂര്യകുമാര്‍ യാദവ് പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഇന്‍സ്വിങ്ങര്‍ ഡിഫന്‍ഡ് ചെയ്യാന്‍ ശ്രമിച്ച സ്‌കൈ വിക്കറ്റിന് മുമ്പില്‍ കുടുങ്ങി പുറത്താവുകയായിരുന്നു. മൂന്നാം മത്സരത്തില്‍ ആഷ്ടണ്‍ അഗറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിട്ടായിരുന്നു താരത്തിന്റെ മടക്കം.

ടി-20യില്‍ ലോകത്തിലെ ആറ്റവും മികച്ച ബാറ്ററായിരിക്കുന്ന അതേ സമയത്താണ് താരം വൈറ്റ് ബോളിലെ രണ്ടാം ഫോര്‍മാറ്റില്‍ സമ്പൂര്‍ണ പരാജയമാകുന്നത്. 23 ഏകദിന മത്സരത്തില്‍ നിന്നും 433 റണ്‍സാണ് സ്‌കൈ ഇതുവരെ നേടിയത്.

Content highlight: Former Pakistan star Danish Kaneria about Suryakumar Yadav

We use cookies to give you the best possible experience. Learn more