ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പാണ് ബാക്കിയുള്ളത്. ഫെബ്രുവരി 19മുതല്‍ മാര്‍ച്ച് ഒമ്പത് വരെയുള്ള ദിവസങ്ങള്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് വിരുന്ന് തന്നെയായിരിക്കും.
ഒരിക്കല്‍ നേടിയതും 2017ല്‍ പാകിസ്ഥാന് മുമ്പില്‍ അടിയറവ് വെച്ചതുമായ കിരീടം വീണ്ടും നേടാനുറച്ചാണ് ഇന്ത്യ ടൂര്‍ണമെന്റിനിറങ്ങുന്നത്. ബുംറയടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ അഭാവമുണ്ടെങ്കിലും അതിനെയെല്ലാം ഒരു ടീം എന്ന നിലയില്‍ മെന്‍ ഇന്‍ ബ്ലൂ മറികടക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമടങ്ങുന്ന ബാറ്റിങ് നിര ഏത് ചാമ്പ്യന്‍ ടീമുകളെയും തകര്‍ക്കാന്‍ പോന്നതാണ്. ഈ ടൂര്‍ണമെന്റില്‍ എണ്ണം പറഞ്ഞ പല റെക്കോഡ് നേട്ടങ്ങളും ഇവര്‍ക്ക് മുമ്പിലുണ്ട്.
ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ടുമുമ്പ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പുകഴ്ത്തുകയാണ് മുന്‍ പാക് സൂപ്പര്‍ താരം അബ്ദുര്‍ റൗഫ് ഖാന്‍. രോഹിത് ശര്‍മ വിരാട് കോഹ്‌ലി, ബാബര്‍ അസം എന്നിവരേക്കാള്‍ എത്രയോ മികച്ച താരമാണ് എന്നാണ് റൗഫ് പറഞ്ഞത്.
അബ്ദുര്‍ റൗഫ് ഖാന്‍
ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിരാട് കോഹ്‌ലിയും ബാബര്‍ അസവും മികച്ച താരങ്ങളാണ്. വിരാട് ഒരു ക്ലാസ് ബാറ്ററാണ്. മറ്റാരാലും അവനെ താരതമ്യം ചെയ്യാന്‍ പോലും സാധിക്കില്ല. ഫോമിലെത്തിയാല്‍ ബാബര്‍ അസവും ഏറ്റവും മികച്ച ബാറ്ററാണ്.
എന്നാല്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് രോഹിത് ശര്‍മയെയാണ്, അദ്ദേഹമാണ് ഈ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍. അദ്ദേഹം വിരാട് കോഹ്‌ലിയേക്കാളും ബാബര്‍ അസമിനേക്കാളും എത്രയോ മുമ്പിലാണ്,’ റൗഫ് പറഞ്ഞു.
ടൂര്‍ണമെന്റില്‍ ഏറെ സ്വാധീനം ചെലുത്താന്‍ പോകുന്ന ഇരു ടീമിലെയും താരങ്ങളെ കുറിച്ചും റൗഫ് ഖാന്‍ സംസാരിച്ചു.
ഇന്ത്യന്‍ നിരയില്‍ നിന്നും രോഹിത് ശര്‍മയ്ക്ക് പുറമെ ഹര്‍ദിക് പാണ്ഡ്യയെ തെരഞ്ഞെടുത്ത റൗഫ്, പാകിസ്ഥാന്‍ ടീമില്‍ നിന്നും മുഹമ്മദ് റിസ്വാനെയും നസീം ഷായെയുമാണ് തെരഞ്ഞെടുത്തത്.
‘തന്റെ മികച്ച ബൗളിങ്, ബാറ്റിങ് സ്‌കില്ലുകളുടെ സഹായത്തോടെ ഹര്‍ദിക് പാണ്ഡ്യക്ക് എളുപ്പത്തില്‍ മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ സാധിക്കും. ബിഗ് ഗെയ്മുകളില്‍ എങ്ങനെ പെര്‍ഫോം ചെയ്യണമെന്ന് രോഹിത് ശര്‍മയക്കും നന്നായി അറിയാം.
റിസ്വാന്‍ എല്ലായ്‌പ്പോഴും ഇന്ത്യയ്ക്ക് ഭീഷണിയാണ്. നസീം ഷായാണ് മറ്റൊരു പ്രധാന താരം. ലൈനിലും ലെങ്ത്തിലും കൃത്യമായ കണ്‍ട്രോളുള്ള നസീം ഷാ പാകിസ്ഥാനായി സ്ഥിരതയോടെ പന്തെറിയുന്ന താരമായി മാറിയിരിക്കുകയാണ്,’ റൗഫ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Former Pakistan star Abdur Rauf Khan praises Rohit Sharma