വിരാട് കോഹ്‌ലി വീണ്ടും ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനമേറ്റെടുക്കണമെന്ന് മുന്‍ പാകിസ്ഥാന്‍ സ്റ്റാര്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. രോഹിത് ശര്‍മയില്ലെങ്കില്‍ വിരാട് തന്നെയായിരിക്കണം ഇന്ത്യയുടെ ക്യാപ്റ്റനെന്നും അദ്ദേഹം പറഞ്ഞു.
വിരാടിനല്ലാതെ മറ്റാര്‍ക്കും സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ തന്നെ കോഹ്‌ലിയെ തന്നെ ക്യാപ്റ്റന്‍സിയേല്‍പിക്കണമെന്നും കനേരിയ പറഞ്ഞു.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
‘കോഹ്‌ലിയാവണം ഇന്ത്യയെ നയിക്കേണ്ടത്. കാരണം അദ്ദേഹം വളരെയധികം അനുഭവ സമ്പത്തുള്ള താരമാണ്. പന്തിനോ ബുംറയ്‌ക്കോ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം താങ്ങാന്‍ സാധിക്കില്ല.
അതുകൊണ്ടുതന്നെ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മികച്ച ഓപ്ഷന്‍ എന്നത് വിരാടിനെ ക്യാപ്റ്റനാക്കുക എന്നതാണ്. മറ്റാരെയും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കണ്ടെത്താനായില്ലെങ്കില്‍ വിരാട് തിരിച്ചുവരണം,’ കനേരിയ പറഞ്ഞു.
ഒരു ക്യാപ്റ്റനാവാനുള്ള പക്വതയൊന്നും പന്തിന് വന്നിട്ടില്ലെന്നും നായകനായി ലഭിച്ച അവസരം പന്ത് പാഴാക്കുകയുമായിരുന്നു എന്നുമായിരുന്നു എന്നാണ് കനേരിയ പറയുന്നത്.
‘റിഷബ് പന്തിന് ഒരിക്കലും ക്യാപ്റ്റനാവാനുള്ള പക്വതയെത്തിയിട്ടില്ല. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ അവന് അവസരം ലഭിച്ചിരുന്നു.
എന്നാല്‍ അവന്‍ പരിതാപകരമായിരുന്നു. അതുകൊണ്ടുതന്നെ അവനെ ഭാവിയില്‍ ഒരിക്കലും ക്യാപ്റ്റനാക്കരുത്,’ കനേരിയ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് കൊവിഡ് ബാധിച്ചതോടെയാണ് ഇംഗ്ലണ്ടിനെതിരെ ശേഷിക്കുന്ന അവസാന പരമ്പരയില്‍ ഇന്ത്യയ്ക്ക് നിലവില്‍ ക്യാപ്റ്റനില്ലാതായത്.