ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ ജയം നേടി ഇന്ത്യ. ആദ്യ ടെസ്റ്റില്‍ 188 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇന്ത്യ നേടിയിരിക്കുന്നത്.
513 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് 324 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ അക്‌സര്‍ പട്ടേല്‍ നാല് വിക്കറ്റും കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, ആര്‍. അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ആദ്യ ഇന്നിങ്‌സില്‍ 40 റണ്‍സ് നേടുകയും 40 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ഒപ്പം രണ്ടാം ഇന്നിങ്‌സില്‍ 73 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത കുല്‍ദീപ് യാദവാണ് കളിയിലെ താരം. അഞ്ചാം ദിവസം കുല്‍ദീപിന്റെ രണ്ട് ക്വിക്ക് വിക്കറ്റുകളാണ് അഞ്ചാം ദിവസം കളി ഇന്ത്യക്ക് അനുകൂലമാക്കിയത്.
ലിട്ടണ്‍ ദാസ്, ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍, എദാബോത് ഹുസൈന്‍ എന്നിവരാണ് രണ്ടാം ഇന്നിങ്സില്‍ കുല്‍ദീപിന് മുമ്പില്‍ വീണത്. ലിട്ടണ്‍ ദാസിനെ ഉമേഷ് യാദവിന്റെ കയ്യിലും എദാബോത് ഹുസൈനെ ശ്രേയസ് അയ്യരുടെയും കയ്യിലുമെത്തിച്ച് മടക്കിയ കുല്‍ദീപ് ഷാകിബിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് പുറത്താക്കിയത്.
എന്നാല്‍ അഞ്ചാം ദിവസം കുല്‍ദീപ് യാദവ് പാടെ നിരാശപ്പെടുത്തിയെന്ന് പറയുകയാണ് മുന്‍ പാക് സൂപ്പര്‍ താരം ഡാനിഷ് കനേരിയ. അവസാന ദിവസം താരത്തിന് താളം കണ്ടെത്താന്‍ സാധിക്കാതെ വന്നതുപോലെ തോന്നിയെന്നാണ് കനേരിയ പറയുന്നത്.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്.
‘കുല്‍ദീപ് യാദവ് ഇന്ന് എന്നെ പാടെ നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്‌സില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ താരം അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. ഒപ്പം അവന്റെ പന്തുകള്‍ക്ക് ഒരു റിഥം ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ ദിവസം ആ റിഥം എങ്ങോ പോയ പോലെയാണ് അവന്‍ പന്തെറിഞ്ഞത്,’ കനേരിയ പറയുന്നു.
‘അവന്‍ ക്ഷീണിതനായാണ് കാണപ്പെട്ടത്. ചെറിയ തോതിലുള്ള ഫിറ്റ്‌നെസ് പ്രശ്‌നമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അവന്‍ താളം കണ്ടെത്തുമ്പോള്‍ വേരിയേഷനോടെ പന്തെറിയുന്നതിനാല്‍ ബാറ്റര്‍മാര്‍ക്ക് അത്ര എളുപ്പത്തില്‍ കളിക്കാന്‍ സാധിക്കില്ല. അവന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും,’ കനേരിയ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആദ്യ ടെസ്റ്റിലെ വിജയത്തോടെ രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന്റെ ലീഡ് നേടാനും ഇന്ത്യക്കായി.
ഡിസംബര്‍ 22നാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്. ഷേര്‍-ഇ-ബംഗ്ലാ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന രണ്ടാം ടെസ്റ്റിലും വിജയം മാത്രം മുന്നില്‍ കണ്ടുകൊണ്ടായിരിക്കും ഇന്ത്യയിറങ്ങുന്നത്.
Content Highlight: Former Pakistan spinner Danish Kaneria criticizes Kuldeep Yadav