ഇന്ത്യ പാകിസ്ഥാനെ തോല്‍പിച്ചപ്പോള്‍ ഈ സന്തോഷമൊന്നും കണ്ടില്ലല്ലോ; പത്താനെതിരെ പാക് സൂപ്പര്‍ താരം
icc world cup
ഇന്ത്യ പാകിസ്ഥാനെ തോല്‍പിച്ചപ്പോള്‍ ഈ സന്തോഷമൊന്നും കണ്ടില്ലല്ലോ; പത്താനെതിരെ പാക് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th October 2023, 5:28 pm

ലോകകപ്പില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. എം. എ. ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു അഫ്ഗാന്‍ സിംഹങ്ങളുടെ വിജയം.

തങ്ങളുടെ ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെ പരാജയപ്പെടുത്തുന്നത്. അത് ലോകകപ്പിന്റെ വേദിയിലായി എന്നതിനാല്‍ ആ വിജയത്തിന് മധുരവുമേറിയിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാബര്‍ അസവും സംഘവും നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 287 റണ്‍സ് നേടി. ബാബറിന്റെയും അബ്ദുള്ള ഷഫീഖിന്റെയും അര്‍ധ സെഞ്ച്വറികളാണ് ടീമിന് തുണയായത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനായി ഇബ്രാഹിം സദ്രാന്‍, റഹ്‌മത് ഷാ, റഹ്‌മുള്ള ഗുര്‍ബാസ് എന്നിവര്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയുടെ അര്‍ധ സെഞ്ച്വറിയോളം പോന്ന ഇന്നിങ്‌സും വിജയത്തില്‍ നിര്‍ണായകമായി.

അഫ്ഗാനിസ്ഥാന്‍ ചരിത്രപരമായ വിജയത്തിന് പിന്നാലെ അഫ്ഗാന്‍ സൂപ്പര്‍ ഓള്‍ റൗണ്ടറായ റാഷിദ് ഖാനും മുന്‍ ഇന്ത്യന്‍ താരവും മത്സരത്തിലെ കമന്റേറ്ററുമായ ഇര്‍ഫാന്‍ ഖാനും നൃത്തം ചെയ്ത് വിജയം ആഘോഷിച്ചിരുന്നു. ഈ ലോകകപ്പിലെ തന്നെ മികച്ച നിമിഷങ്ങളിലൊന്നായിരുന്നു ഇരുവരുടെയും വിജയാഹ്ലാദം.

View this post on Instagram

A post shared by ICC (@icc)

എന്നാല്‍ പത്താന്റെ ഈ പ്രവൃത്തിയില്‍ അതൃപ്തി പ്രകടിപ്പിക്കുകയാണ് മുന്‍ പാക് താരം ഡാനിഷ് കനേരിയ. പത്താന്റെ പ്രവൃത്തി കണ്ട് താന്‍ അത്ഭുതപ്പെട്ടെന്നും കഴിഞ്ഞ വര്‍ഷം ഇന്ത്യ പാകിസ്ഥാനെ തോല്‍പിച്ചപ്പോള്‍ ഇത്തരത്തിലുള്ള വിജയാഹ്ലാദമൊന്നും കണ്ടില്ലല്ലോ എന്നും കനേരിയ ചോദിക്കുന്നു.

‘അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെ തോല്‍പിച്ചതിന് ശേഷം ഇര്‍ഫാന്‍ പത്താന്‍ അഫ്ഗാന്‍ താരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി-20 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയപ്പോള്‍ ഇത്തരത്തിലുള്ള സന്തോഷമൊന്നും കണ്ടിരുന്നില്ല. അന്ന് ഇന്ത്യ ജയിച്ചതിനേക്കാള്‍ സന്തോഷം ഇര്‍ഫാന്‍ പത്താന് ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ജയിച്ചപ്പോള്‍ ഉണ്ടെന്ന് തോന്നി.

ഇത് എനിക്ക് മാത്രമല്ല, രാജ്യത്തിലെ എല്ലാവര്‍ക്കും സങ്കടകരമായിരുന്നു. കമന്റേറ്റര്‍മാര്‍ എപ്പോഴും ന്യൂട്രലായിരിക്കണമെന്ന് ബ്രോഡ്കാസ്റ്റര്‍മാര്‍ ഉറപ്പാക്കണം,’ എ.ആര്‍.വൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കനേരിയ പറഞ്ഞു.

പാകിസ്ഥാനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ മുന്നേറാനും അഫ്ഗാനിസ്ഥാനായി. അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് ജയവും തോല്‍വിയുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍. അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് ജയവുമായി പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്.

ഒക്ടോബര്‍ 30നാണ് അഫ്ഗാനിസ്ഥാന്റെ അടുത്ത മത്സരം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയാണ് എതിരാളികള്‍.

 

Content highlight: Former Pakistan spinner Danish Kaneria criticizes Irfan Pathan for dancing with Rashid Khan