| Saturday, 13th August 2022, 4:14 pm

'ഇന്ത്യയ്ക്കിത് വമ്പന്‍ തിരിച്ചടി, ജസ്പ്രീത് ബുംറ ലോകകപ്പ് കളിക്കില്ല'

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ അല്‍പമൊന്ന് നെറ്റി ചുളിച്ചിരുന്നു. ടീമില്‍ ഉള്‍പ്പെടുമെന്ന് ആരാധകര്‍ കരുതിയ പല താരങ്ങളും സ്‌ക്വാഡില്‍ ഉണ്ടായിരുന്നില്ല. അതില്‍ പ്രധാനിയായിരുന്നു ഇന്ത്യയുടെ ഫൈവ് സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുംറ.

പരിക്കായിരുന്നു താരത്തിന് സ്‌ക്വാഡില്‍ നിന്നും പുറത്തേക്കുള്ള വഴി കാട്ടിയത്. ഇതോടെ ഇന്ത്യന്‍ ബൗളിങ് നിരയിലെ വിശ്വസ്തനെയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ഏഷ്യാ കപ്പിന് പുറമെ ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ടി-20 ലോകകപ്പും ബുംറയ്ക്ക് നഷ്ടമാവുമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ താരമായ ഡാനിഷ് കനേരിയ.

ബുംറയുടെ ബൗളിങ് ആക്ഷന്‍ തന്നെ അദ്ദേഹത്തിന് വിനയാകുമെന്നാണ് കനേരിയ അഭിപ്രായപ്പെടുന്നത്.

‘അവന്‍ വേള്‍ഡ് ക്ലാസ് ബൗളര്‍ തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ബാക്ക് ഇന്‍ജുറി കാരണം അദ്ദേഹത്തിന് ടി-20 ലോകകപ്പും നഷ്ടമാവും.

പരിക്കിന് കാരണമാവുന്നത് അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷന്‍ തന്നെയാണ്. ആ ആക്ഷന്‍ കാരണം അദ്ദേഹത്തിന്റെ പരിക്ക് വഷളാക്കുകയേ ഉള്ളൂ, അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്,’ കനേരിയ പറയുന്നു.

ബുംറയുടെ ബൗളിങ് ആക്ഷനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്രയും രംഗത്തെത്തിയിരുന്നു. ബുംറയ്ക്ക് പരിക്കേല്‍ക്കാനുള്ള കാരണം അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷന്‍ തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്.

‘ഓരോ ശരീരഭാഗത്തിനും വ്യത്യസ്ത പ്രഷറാണുള്ളത്. അവന്റെ ബൗളിങ് ആക്ഷന്‍ കാരണം അവന്റെ പുറം ഭാഗത്തിനും ലിഗമെന്റിനുമെല്ലാം പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്,’ ചോപ്ര പറയുന്നു.

ഇക്കാരണം കൊണ്ടുതന്നെ 2019ല്‍ ബുംറ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് പരമ്പരയില്‍ നിന്നും പുറത്തായിരുന്നു.

ബുംറ തന്റെ ബൗളിങ് ആക്ഷന്‍ മെച്ചപ്പെടുത്തണമെന്നും ഇത്തരം അണ്‍ ഓര്‍ത്തഡോക്സ് ബൗളിങ് ആക്ഷനുകള്‍ പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും ചോപ്ര പറഞ്ഞു.

ഒക്ടോബര്‍ 22നാണ് ടി-20 ലോകകപ്പ് സൂപ്പര്‍ 12 ആരംഭിക്കുന്നത്. ഒക്ടോബര്‍ 23നാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാനാണ് എതിരാളികള്‍.

കഴിഞ്ഞ തവണ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പിച്ച അതേ ആവേശത്തോടെയാവും പാകിസ്ഥാനിറങ്ങുന്നതെങ്കില്‍ ആ കളങ്കം മായ്ക്കാനാവും ഇന്ത്യ പടയ്ക്കിറങ്ങുന്നത്.

Content Highlight: Former Pakistan spinner Danish Kaneria believes Jasprit Bumrah will miss T20 World Cup as well

We use cookies to give you the best possible experience. Learn more