ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ അല്‍പമൊന്ന് നെറ്റി ചുളിച്ചിരുന്നു. ടീമില്‍ ഉള്‍പ്പെടുമെന്ന് ആരാധകര്‍ കരുതിയ പല താരങ്ങളും സ്‌ക്വാഡില്‍ ഉണ്ടായിരുന്നില്ല. അതില്‍ പ്രധാനിയായിരുന്നു ഇന്ത്യയുടെ ഫൈവ് സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുംറ.
പരിക്കായിരുന്നു താരത്തിന് സ്‌ക്വാഡില്‍ നിന്നും പുറത്തേക്കുള്ള വഴി കാട്ടിയത്. ഇതോടെ ഇന്ത്യന്‍ ബൗളിങ് നിരയിലെ വിശ്വസ്തനെയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.
എന്നാല്‍ ഏഷ്യാ കപ്പിന് പുറമെ ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ടി-20 ലോകകപ്പും ബുംറയ്ക്ക് നഷ്ടമാവുമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ താരമായ ഡാനിഷ് കനേരിയ.
ബുംറയുടെ ബൗളിങ് ആക്ഷന്‍ തന്നെ അദ്ദേഹത്തിന് വിനയാകുമെന്നാണ് കനേരിയ അഭിപ്രായപ്പെടുന്നത്.
‘അവന്‍ വേള്‍ഡ് ക്ലാസ് ബൗളര്‍ തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ബാക്ക് ഇന്‍ജുറി കാരണം അദ്ദേഹത്തിന് ടി-20 ലോകകപ്പും നഷ്ടമാവും.
പരിക്കിന് കാരണമാവുന്നത് അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷന്‍ തന്നെയാണ്. ആ ആക്ഷന്‍ കാരണം അദ്ദേഹത്തിന്റെ പരിക്ക് വഷളാക്കുകയേ ഉള്ളൂ, അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്,’ കനേരിയ പറയുന്നു.
ബുംറയുടെ ബൗളിങ് ആക്ഷനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്രയും രംഗത്തെത്തിയിരുന്നു. ബുംറയ്ക്ക് പരിക്കേല്‍ക്കാനുള്ള കാരണം അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷന്‍ തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്.
‘ഓരോ ശരീരഭാഗത്തിനും വ്യത്യസ്ത പ്രഷറാണുള്ളത്. അവന്റെ ബൗളിങ് ആക്ഷന്‍ കാരണം അവന്റെ പുറം ഭാഗത്തിനും ലിഗമെന്റിനുമെല്ലാം പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്,’ ചോപ്ര പറയുന്നു.