ഏഷ്യാ കപ്പില്‍ മറ്റൊരു ഇന്ത്യ-പാക് മത്സരത്തിനാണ് നാളെ ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കാന്‍ പോവുന്നത്. വളരെ ആവേശത്തോടെയും കൗതുകത്തോടെയും മത്സരത്തിനുവേണ്ടി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.
ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് ശേഷിക്കെ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ സിക്സര്‍ പായിച്ചു കൊണ്ട് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തു. ഹോങ്കോങ്ങിനെ പരാജയപ്പെടുത്തി ഇരുടീമുകളും സൂപ്പര്‍ ഫോറില്‍ പ്രവേശിക്കുകയും ചെയ്തു.
സൂപ്പര്‍ ഫോര്‍ മത്സരങ്ങളില്‍ ഇരു ടീമുകളും ഒരിക്കല്‍ക്കൂടി ഏറ്റുമുട്ടുകയാണ്. ഗ്രൂപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലായിരിക്കും നായകന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ നാളെ കളത്തിലിറങ്ങുന്നത്.
‘മുഹമ്മദ് റിസ്വാന്‍ ഒഴികെയുള്ള പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ ഇന്ത്യയ്‌ക്കെതിരെ സ്വാധീനം ചെലുത്തുന്നതില്‍ പരാജയപ്പെട്ടു, പ്രത്യേകിച്ച് മധ്യനിര ബാറ്റര്‍മാര്‍. കൂടാതെ, ഹോങ്കോങ്ങിനെതിരെ മധ്യനിര ബാറ്റര്‍മാര്‍ പരീക്ഷിക്കപ്പെടാതെ തുടരുകയും ചെയ്തു,’ എന്ന ആശങ്കയാണ് ഇന്‍സമാം പങ്കുവെച്ചിരിക്കുന്നത്.
സിക്കന്ദര്‍ ബഖ്ത് തന്റെ നിരാശ പ്രകടിപ്പിക്കുകയും ടീമില്‍ പുതിയ കളിക്കാരെ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തു.
‘നിങ്ങള്‍ പുതിയ കളിക്കാരെ ടീമിലേക്ക് കൊണ്ടുവരണം. നാലഞ്ച് കളിക്കാരെ മാറ്റാനൊന്നും ഞാന്‍ പറയുന്നില്ല, പക്ഷേ കുറഞ്ഞത് ഒരാളെയെങ്കിലും ടീമിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുക,’ എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ പോലെ പാകിസ്ഥാന് ആറ് ടീമുകള്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്ന പി.സി.ബി പ്രസിഡന്റ് റമീസ് രാജയുടെ പ്രസ്താവനക്കെതിരെ അദ്ദേഹം വിമര്‍ശനമുന്നയിക്കുകയും ചെയ്തു.
‘പി.സി.ബി പ്രസിഡന്റ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. അദ്ദേഹം അവിടെ എന്താണ് പറയാന്‍ ശ്രമിച്ചത്?’ എന്നായിരുന്നു ബഖത് ചോദിച്ചത്.
മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖും ടീമിലേക്ക് കൂടുതല്‍ മികച്ച താരങ്ങളെ കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ചു. പാകിസ്ഥാന്റെ മോശം ബെഞ്ച് സ്‌ട്രെങ്ത്തില്‍ അദ്ദേഹം നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.
ഷഹീന്റെ സ്ഥാനം നികത്താന്‍ കഴിയുന്ന കളിക്കാരുണ്ട്, എന്നാല്‍ മധ്യനിരയില്‍ വലിയ ശൂന്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റമീസ് രാജ അത് നോക്കണം, ബാബര്‍ അത് പ്രവര്‍ത്തിക്കും. എന്നും ആളുകളുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതിന് സെലക്ഷന്‍ കമ്മിറ്റിയെ രൂക്ഷമായി വിമര്‍ശിച്ചു ഇന്‍സമാം ഉള്‍ ഹഖ്
Content highlight: Former Pakistan players slams PCB President Ramees Raja