ക്ലാസിലെ ഒന്നാമനാണ്, പക്ഷേ പരീക്ഷക്ക് പൊട്ടും; ബാബറിനെതിരെ ആഞ്ഞടിച്ച് മുന്‍ താരങ്ങള്‍
icc world cup
ക്ലാസിലെ ഒന്നാമനാണ്, പക്ഷേ പരീക്ഷക്ക് പൊട്ടും; ബാബറിനെതിരെ ആഞ്ഞടിച്ച് മുന്‍ താരങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th November 2023, 6:15 pm

2023 ലോകകപ്പില്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്റെ ബാറ്റിങ് രീതിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പാക് താരങ്ങളായ അബ്ദുള്‍ റസാഖും സിക്കന്ദര്‍ ബക്തും. ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ എന്ന പേരിന് ബാബര്‍ അസം യോഗ്യനല്ലെന്നും അവര്‍ ആരോപിച്ചു.

‘നമ്മളെപ്പോഴും ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതുകൊണ്ട് ടീമിന് എന്തെങ്കിലും ഗുണമുണ്ടോ എന്ന് ചോദിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

അവന്‍ ക്ലാസില്‍ ഒന്നാമനാവുകയും എന്നാല്‍ മെട്രിക് പരീക്ഷകളില്‍ പരാജയപ്പെടുകയും ചെയ്യുകയാണെന്നാണ് എനിക്ക് തോന്നുന്നത്,’ ജിയോ സൂപ്പറില്‍ ബക്ത് പറഞ്ഞു.

ഒന്നാം നമ്പര്‍ താരം ഫഖര്‍ സമാന്‍ ആണെന്നും പാക് നായകന്‍ ആ ക്ലാസ് ഇല്ലെന്നുമാണ് അബ്ദുള്‍ റസാഖ് കുറ്റപ്പെടുത്തിയത്.

‘നമ്പര്‍ വണ്‍ ബാറ്റര്‍ ഫഖര്‍ സമാനാണ്. എല്ലാ ന്യൂസിലാന്‍ഡ് ബാറ്റര്‍മാരും അവനെ പ്രശംസിക്കുകയാണ്. നമ്മുടെ ക്യാപ്റ്റന്‍ ആ ക്ലാസ് ഇല്ല.

രോഹിത് ശര്‍മയെ നോക്കൂ, അവന്‍ ആദ്യ ഓവറില്‍ തന്നെ പത്ത് റണ്‍സടിക്കാനും രണ്ടാം ഓവറില്‍ 15 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും സര്‍വധാ സജ്ജനാണ്. നമ്മുടെ ക്യാപ്റ്റന്റെ കളി ശൈലി വ്യത്യസ്തമാണ്, പക്ഷേ രോഹിത് ശര്‍മ എന്ത് ചെയ്യുന്നു എന്ന് ബാബര്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം.

മറ്റ് ടീമുകളുടെ കയ്യില്‍ നിന്നും മത്സരം തങ്ങളുടെ ടീമിന് അനുകൂലമാക്കുന്നവരെയാണ് ലോകോത്തര താരങ്ങള്‍ എന്ന് വിളിക്കാന്‍ സാധിക്കുക. നമ്മുടെ കാലത്ത് അത് മാത്യൂ ഹെയ്ഡന്‍, സനത് ജയസൂര്യ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, റിക്കി പോണ്ടിങ് തുടങ്ങിയവരായിരുന്നു,’ അബ്ദുള്‍ റസാഖ് പറഞ്ഞു.

ഈ ലോകകപ്പില്‍ തന്റെ പേരിനും പെരുമക്കും ഒത്ത പ്രകടനം നടത്താന്‍ ബാബര്‍ അസമിന് സാധിച്ചിരുന്നില്ല. എട്ട് മത്സരത്തിലെ ഏഴ് ഇന്നിങ്‌സില്‍ നിന്നുമായി 282 റണ്‍സാണ് ബാബര്‍ നേടിയത്.

 

40.28 എന്ന ശരാശരിയിലും 82.69 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് ബാബര്‍ റണ്‍സ് നേടിയത്. നാല് അര്‍ധ സെഞ്ച്വറിയാണ് ഈ ലോകകപ്പില്‍ പാക് നായകന്റെ പേരില്‍ കുറിക്കപ്പെട്ടത്.

 

Content highlight: Former Pakistan players slams Babar Azam