ഇന്ത്യ-ശ്രീലങ്ക മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര 2-0ത്തിന് സ്വന്തമാക്കി ശ്രീലങ്ക. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 110 റണ്‍സിന്റെ വിജയമായിരുന്നു ശ്രീലങ്ക നേടിയത്. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 26.1 ഓവറില്‍ 138 റണ്‍സിന് പുറത്താവുകയായിരുന്നു.
സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ ടി-20 പരമ്പര ഒരു മത്സരം പോലും പരാജയപ്പെടാതെ 3-0ത്തിന് സ്വന്തമാക്കിയ ആത്മവിശ്വാസവുമായി വന്ന ഇന്ത്യയ്ക്ക് ഏകദിനത്തില്‍ പിഴക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിരയില്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്താതെ പോയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയുടെ ബൗളിങ്ങിനെക്കുറിച്ച് മുന്‍ പാക് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജസ്പ്രീത് ബുംറ ഇല്ലെങ്കില്‍ ഇന്ത്യ വട്ടപ്പൂജ്യമാണെന്നാണ് മുന്‍ പാക് താരം അഭിപ്രായപ്പെട്ടത്. തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ജുനൈദ് ഇക്കാര്യം പറഞ്ഞത്.
കളിക്കളത്തില്‍ കൃത്യമായ വേഗത കൊണ്ടും സമ്മര്‍ദ ഘട്ടങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ട് ടീമിനെ വിജയത്തിലെത്തിക്കാനുമുള്ള കഴിവാണ് ബുംറയെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായ പങ്കുവഹിച്ച താരമായിരുന്നു ബുംറ. ടൂര്‍ണമെന്റില്‍ എട്ടു മത്സരങ്ങളില്‍ നിന്നും എതിരാളികളുടെ 15 വിക്കറ്റുകള്‍ ആണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ വീഴ്ത്തിയത്.
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലാന്‍ഡിനെതിരെയും പാകിസ്ഥാനെതിരെയുമുള്ള മത്സരത്തില്‍ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടാന്‍ ബുംറക്ക് കഴിഞ്ഞിരുന്നു. ഫൈനല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കക്കെതിരെ അവസാന ഘട്ടത്തില്‍ നഷ്ടമായ മത്സരം ഇന്ത്യയുടെ കൈകളിലേക്ക് തിരിച്ചെത്തിച്ചതും ബുംറയുടെ തകര്‍പ്പന്‍ ബൗളിങ് ആയിരുന്നു. കലാശ പോരാട്ടത്തില്‍ പ്രോട്ടിയാസിന് 30 പന്തില്‍ 30 റണ്‍സ് വിജയിക്കാന്‍ ആവശ്യമുള്ള സമയത്ത് ആയിരുന്നു ബുംറ മികച്ച ബൗളിങ്ങിലൂടെ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്.
ലോകകപ്പിനു ശേഷം നടന്ന പരമ്പരകളില്‍ എല്ലാം താരത്തിന് ബി.സി.സി.ഐ വിശ്രമം അനുവദിക്കുകയായിരുന്നു. ബുംറ ഇല്ലെങ്കിലും മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീവ് യാദവ് തുടങ്ങിയ മികച്ച ബൗളര്‍മാര്‍ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ക്കൊന്നും ഒരു മാച്ച് വിന്നിങ് പ്രകടനം നടത്താന്‍ സാധിക്കാതെ പോവുകയായിരുന്നു.
ഇനി ഇന്ത്യന്‍ ടീമിന്റെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് സീരീസില്‍ ഉള്ളത്. സെപ്റ്റംബര്‍ 19നാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ഈ പരമ്പരയില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ബുംറ ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlight: Former Pakistan Player Talks Jasprit Bumrah Importance Of Indian Team