ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ശുഭ്മന്‍ ഗില്ലിന്റെ വെടിക്കെട്ട് പ്രകടനത്തിനാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റന്‍നാഷണല്‍ സ്റ്റേഡിയം സാക്ഷിയായത്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായിക്കൊണ്ട് റെക്കോഡ് നേട്ടവുമായാണ് ഗില്‍ പ്രകടനം റോയലാക്കിയത്.
ഇന്ത്യയുടെ യുവതാരങ്ങളില്‍ വലിയ പ്രതീക്ഷ നല്‍കുന്ന താരമായി മാറിയിരിക്കുകയാണ് ശുഭ്മന്‍ ഗില്‍. ഇന്ത്യയുടെ ഭാവി ഇതിഹാസമെന്ന് ശുഭ്മനെ വിശേഷിപ്പിക്കാമെന്നാണ് മുന്‍ താരങ്ങളടക്കം പല പ്രമുഖരും താരത്തെ കുറിച്ച് പറഞ്ഞത്.
ഇപ്പോള്‍ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം സല്‍മാന്‍ ബട്ട്. ടെന്നിസില്‍ റോജര്‍ ഫെഡററിന്റെ പ്രകടന പോലെയാണ് ക്രിക്കറ്റില്‍ ഗില്‍ കാഴ്ചവെക്കുന്നതെന്ന് ബട്ട് പറഞ്ഞു.
‘ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസീലാന്‍ഡിനെതിരായ പ്രകടനത്തോടെ ഞാന്‍ ശുഭ്മന്‍ ഗില്ലിന്റെ ആരാധകനാണ്. വളരെ കൃത്യതയോടെ ഷോട്ട് കളിക്കുന്ന താരമാണ് ഗില്‍. അവനെപ്പോലെ ഷോട്ട് കളിക്കുന്ന താരങ്ങളെ ഇപ്പോള്‍ കാണാനാകുന്നില്ല. എല്ലാവരും വലിയ ഷോട്ട് കളിക്കുന്ന പവര്‍ഹിറ്റര്‍മാരെക്കുറിച്ചാണ് സംസാരിക്കുന്നത്.
ഗില്ലിനെ പോലെ ക്ലാസ് താരങ്ങള്‍ ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വളരെ ചുരുക്കമാണ്. വളരെ വ്യത്യസ്തമായ ക്രിക്കറ്റാണ് അവന്‍ കളിക്കുന്നത്. റോജര്‍ ഫെഡറര്‍ ടെന്നിസില്‍ കളിക്കുന്നപോലെയാണ് ഗില്‍.
ഇത്ര ചെറുപ്രായത്തില്‍ വളരെ പക്വതയോടെ കളിക്കുന്നു. അപൂര്‍വ്വമായ മികവാണ് ഗില്ലിന്റേത്. ഭാവിയില്‍ ഇതിഹാസ താരമായി അവന്‍ അറിയപ്പെടും,’ ബട്ട് പറഞ്ഞു.
അക്ഷരാര്‍ത്ഥത്തില്‍ സ്റ്റേഡിയത്തെ ആവേശം കൊള്ളിക്കുന്നതായിരുന്നു ഗില്ലിന്റെ പ്രകടനം. സെഞ്ച്വറി നേട്ടത്തോടെ തുടങ്ങിയ ഗില്‍ 106ാം റണ്‍സില്‍ ഏകദിനത്തിലെ 1000 റണ്‍സ് മാര്‍ക്കും മറികടന്നിരുന്നു. വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡും ഇതിനൊപ്പം ഗില്‍ സ്വന്തമാക്കിയിരുന്നു.
തന്റെ 19ാമത് മാത്രം ഇന്നിങ്സില്‍ നിന്നുമാണ് ഗില്‍ 1000 റണ്‍സ് തികച്ചത്. 24 ഇന്നിങ്സില്‍ നിന്നും 1000 റണ്‍സ് നേടിയ വിരാട് കോഹ്ലിയുടെയും ശിഖര്‍ ധവാന്റെയും ജോയിന്റ് റെക്കോഡ് മറികടന്നാണ് ഗില്‍ ഈ നേട്ടം സ്വന്തമാക്കിയത്.
തുടര്‍ച്ചയായി മൂന്ന് സിക്സറുകളടിച്ചുകൊണ്ടായിരുന്നു ഗില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
വ്യക്തിഗത നേട്ടത്തിനേക്കാള്‍ റണ്‍സ് ഉയര്‍ത്താന്‍ മാത്രം ശ്രമിച്ച ഗില്ലിന്റെ ഈ പ്രവര്‍ത്തിക്കും കയ്യടികളുയരുന്നുണ്ട്. 94ല്‍ നിന്നും സിക്സറടിച്ച് സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന സേവാഗിന്റെ പിന്‍മുറക്കാരനാണ് ഗില്‍ എന്ന് പറയുന്നവരും കുറവല്ല.
അതേസമയം, ഗില്ലിന്റെ തട്ടുപൊളിപ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് സ്വന്തമാക്കിയിരുന്നു.
149 പന്തില്‍ നിന്നും 208 റണ്‍സാണ് ഗില്‍ ഇന്ത്യന്‍ ടോട്ടലിലേക്ക് സംഭാവന ചെയ്തത്. 19 ബൗണ്ടറിയും ഒമ്പത് സിക്‌സറുമായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. ഹെന്റി ഷിപ്ലിയുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സിന് ക്യാച്ച് നല്‍കിയായിരുന്നു ഗില്ലിന്റെ മടക്കം.