| Friday, 20th December 2024, 9:50 pm

അശ്വിന് ഐ.സി.സിയുടെയും ബി.സി.സി.ഐയുടെയും തലവനാകാം; വ്യക്തമാക്കി മുന്‍ പാക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച സൂപ്പര്‍ താരം ആര്‍. അശ്വിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെയും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെയും തലപ്പത്തെത്താന്‍ സാധിക്കുമെന്ന് മുന്‍ പാക് സൂപ്പര്‍ താരം റാഷിദ് ലത്തീഫ്. മറ്റൊരു ഇന്ത്യന്‍ താരത്തിനുമില്ലാത്ത ക്രിക്കറ്റ് ഇന്റലിജന്‍സ് ഉള്ള താരമാണ് അശ്വിനെന്നും അദ്ദേഹം പറഞ്ഞു.

ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അശ്വിന്‍ ഒരു പ്രതിഭയാണ്. ഇന്ത്യയില്‍ നിരവധി താരങ്ങളുണ്ട്, എന്നാല്‍ അശ്വിന്‍ മറ്റൊരു തലത്തിലാണ്. അദ്ദേഹത്തിന്റെ ക്വാളിറ്റികള്‍ വേറെ ലെവലാണ്. ഭാവിയില്‍ അവന് ഐ.സി.സിയുടെയോ ബി.സി.സി.ഐയുടെയോ തലപ്പെത്താന്‍ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അതിന് അവന്‍ യോഗ്യനുമാണ്.

അവന്‍ ഏറെ വിനയമുള്ളവനാണ്, ഞാനൊരു വലിയ ക്രിക്കറ്ററാണെന്ന് മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നില്ല. അവന് എല്ലാ വിധത്തിലുള്ള ആശംസകളും നേരുന്നു.

വളരെ മികച്ച കരിയറാണ് അവനുണ്ടായിരുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ അവന്‍ ആറ് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. എം.എസ്. ധോണിക്ക് ഇത്രത്തോളം സെഞ്ച്വറികള്‍ നേടാന്‍ സാധിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല,’ റാഷിദ് ലത്തീഫ് പറഞ്ഞു.

അശ്വിന്റെ വിരമിക്കല്‍ തീരുമാനത്തെ കുറിച്ചും ലത്തീഫ് സംസാരിച്ചു.

‘ബഹുമാനമെന്നത് വളരെ വലിയ ഒരു കാര്യമാണ്. എനിക്കറിയില്ല, ഇന്ത്യയ്ക്കായി 537 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടും പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പില്ലായിരുന്നു.

ഇന്ത്യ വാഷിങ്ടണ്‍ സുന്ദറിന് മുന്‍ഗണന നല്‍കുകയാണ്. മെല്‍ബണ്‍, സിഡ്‌നി ടെസ്റ്റുകളില്‍ ടീമിലെ തന്റെ സ്ഥാനത്തെ കുറിച്ച് അദ്ദേഹത്തിന് ഉറപ്പില്ലായിരുന്നു. കരിയറിലെ ചില സാഹചര്യങ്ങളില്‍ ബോയ്‌ലിങ് പോയിന്റില്‍ എത്തി,’ ലത്തീഫ് പറഞ്ഞു.

Content Highlight: Former Pakistan player Rashid Latif says R Ashwin could become head of BCCI or ICC

We use cookies to give you the best possible experience. Learn more