ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡ് മുന്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന് മറികടക്കാന്‍ സാധിക്കുമെന്ന് മുന്‍ പാക് താരം റാഷിദ് ലത്തീഫ്.
ഇത് പ്രവചിക്കാന്‍ വഴിയുന്ന കാര്യമാണെന്നും ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് എന്ന സച്ചിന്റെ റെക്കോഡിലേക്കാവും റൂട്ട് ലക്ഷ്യമിടുന്നതെന്നും ലത്തീഫ് പറയുന്നു.
‘ഇത് നിങ്ങള്‍ക്ക് പ്രവചിക്കാന്‍ കഴിയുന്ന ഒരു കാര്യമാണ്. വിരാട് കോഹ്‌ലി, ബാബര്‍ അസം, ജോ റൂട്ട് എന്നിവര്‍ക്ക് നീണ്ട കരിയര്‍ ഇനിയും ബാക്കിയുണ്ട്.
സച്ചിന്റെ റെക്കോഡ് തന്നെയായിരിക്കും റൂട്ട് ലക്ഷ്യം വെക്കുന്നത്. ചില താരങ്ങള്‍ വളരെ നേരത്തെ കളിമതിയാക്കി പോകുമ്പോള്‍ ചിലര്‍ ഫോം ഔട്ടാവുന്നു. എന്നാല്‍ റൂട്ടിന്റെ കാര്യത്തില്‍ ഇതൊന്നുമില്ല,’ ലത്തീഫ് പറയുന്നു.
34-35 വയസ്സാവുമ്പോഴേക്കും റൂട്ട് 1200-1300 റണ്‍സ് കൂട്ടിച്ചേര്‍ക്കണമെന്നും ലത്തീഫ് പറയുന്നു. റിക്കി പോണ്ടിംങ്, അലസ്റ്റര്‍ കുക്ക്, ജാക് കാലീസ് അടക്കമുള്ള താരങ്ങള്‍ സച്ചിന്റെ റെക്കോഡിനടുത്തുവരെ എത്തിയെങ്കിലും അത് മറികടക്കാന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
‘ജാക് കാലീസും റിക്കി പോണ്ടിങും സച്ചിന്റെ റെക്കോഡിനടുത്ത് വരെയെത്തി. എന്നാല്‍ റൂട്ടിന്റെ കാര്യത്തില്‍ ഇതേ ഫോം നിലനിര്‍ത്തി പോവുക എന്ന കാര്യം അതിപ്രധാനമാണ്.
അടുത്ത് രണ്ട് -മൂന്ന് വര്‍ഷത്തിനിടെ അവന്‍ 1200-1300 റണ്‍സ് കണ്ടെത്തിയാല്‍ അവന് സച്ചിന്റെ അടുത്തെത്താം, ചിലപ്പോള്‍ അവന് അത് മറികടക്കുകയും ചെയ്യാം. അഥവാ അവന് സച്ചിന്റെ റെക്കോഡ് മറികടക്കാനായില്ലെങ്കില്‍ റെക്കോഡിന് അടുത്തെത്താന്‍ എന്തായാലും സാധിക്കും,’ ലത്തീഫ് കൂട്ടിച്ചേര്‍ക്കുന്നു.
ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തില്‍ മാരക ഫോമിലാണ് റൂട്ട് തുടരുന്നത്. ഇംഗ്ലണ്ടിന് വേണ്ടി മറ്റൊരു സെഞ്ച്വറിയും താരം കണ്ടെത്തിയിരുന്നു.
ഈയടുത്താണ് ടെസ്റ്റ് ക്രിക്കറ്റിലെ 10,000 റണ്‍സ് മാര്‍ക്ക് റൂട്ട് മറികടന്നത്. അലസ്റ്റര്‍ കുക്കിന് ശേഷം ഇംഗ്ലണ്ടിനായി ഏറ്റവുമധികം റണ്‍സ് നേടുന്ന താരവും റൂട്ട് തന്നെയാണ്.
Content Highlight: Former Pakistan Player Rashid Latif Says Joe Root Can Break Sachin Tendulkar’s Record