|

അഫ്രീദിയോട് പ്രതികാരം ചെയ്യാനാണ് ബാബര്‍ ക്യാപ്റ്റനായതെന്ന് മുന്‍ പാകിസ്ഥാന്‍ താരം റാഷിദ് ലത്തീഫ്

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്റെ സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസം വീണ്ടും ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 2023 ലോകകപ്പിന്റെ അവസാനത്തോടെ മൂന്ന് ഫോര്‍മാറ്റിലേയും ക്യാപ്റ്റന്‍ സ്ഥാനം താരത്തിന് രാജിവെക്കേണ്ടി വന്നിരുന്നു.

ഇന്ത്യയില്‍ നടന്ന ഐ.സി.സി ലോകകപ്പിലെ പാകിസ്ഥാന്റെ തോല്‍വിയെത്തുടര്‍ന്ന് നേതൃസ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വന്നപ്പോള്‍ തന്നെ പിന്തുണയ്ക്കാത്തതില്‍ ബാബര്‍ അഫ്രീദിയോട് അതൃപ്തി പ്രകടിപ്പിച്ചതായി മുന്‍ പാകിസ്ഥാന്‍ താരം റാഷിദ് ലത്തീഫ് പറഞ്ഞു.

തന്നെ നീക്കം ചെയ്യാന്‍ ചെയര്‍മാന്‍ സക്ക അഷ്റഫ് ഉള്‍പ്പെടെയുള്ള ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കാത്തിരിക്കുമ്പോള്‍ അഫ്രീദിയില്‍ നിന്ന് തനിക്ക് അനുകൂലമായ ഒരു പ്രസ്താവനയെങ്കിലും അസം പ്രതീക്ഷിച്ചിരുന്നുവെന്ന് ലത്തീഫ് പറഞ്ഞു.

‘ഷദാബ് ഖാനെപ്പോലെ ബാബര്‍ അസമിനും മുഹമ്മദ് റിസ്വാനും ഷഹീന്‍ അഫ്രീദി പിന്തുണ നല്‍കണമായിരുന്നു. അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാന്‍ ടി20 പരമ്പര തോറ്റപ്പോള്‍, ബാബറും റിസ്വാനും ഇല്ലാത്ത പാകിസ്ഥാന്‍ ടീമില്ലെന്നാണ് അന്നത്തെ ക്യാപ്റ്റന്‍ ഷദാബ് ഖാന്‍ പറഞ്ഞത്. ലോകകപ്പിന് ശേഷവും അഫ്രീദി ഇതേ കാര്യം ചെയ്തിരുന്നെങ്കില്‍ പുറത്താക്കലിന്റെ വേദന അനുഭവിക്കേണ്ടി വരില്ലായിരുന്നു. അഫ്രീദിയുമായുള്ള സൗഹൃദത്തിനിടയിലും ബാബര്‍ പ്രതികാരം ചെയ്തു,’ റാഷിദ് ലത്തീഫ് പിടിവി സ്പോര്‍ട്സിനോട് പറഞ്ഞു.

എന്നാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാന്‍ സൈദ് മുഹസിന്‍ നഖ്വി ബാബറിനെ റീ അപ്പോയിന്‍മെന്റ് ചെയ്തത്. വൈറ്റ് ബോളിലാണ് ബാബര്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്.

2019 ലാണ് ബാബര്‍ പാകിസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. ബാബറിന്റെ നേതൃത്വത്തില്‍ 2021 ഒക്ടോബര്‍ 24-ന് ദുബായില്‍ നടന്ന ടി20 ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാന്‍ 10 വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി. കൂടാതെ പാകിസ്ഥാനെ ഫൈനലിലെത്തിക്കുകയും ചെയ്തു. 2022 ലെ ടി-20 ലോകകപ്പ്, 20 ടെസ്റ്റുകള്‍, 43 ഏകദിനങ്ങള്‍, 71 ടി-20കള്‍ എന്നിവയില്‍ പാകിസ്ഥാന്റെ ക്യാപ്റ്റനായിരുന്നു താരം. അതില്‍ അദ്ദേഹത്തിന് യഥാക്രമം 10 ടെസ്റ്റുകള്‍, 26 ഏകദിനങ്ങള്‍, 42 ടി-20 മത്സരങ്ങള്‍ എന്നിവയില്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞു.

Content Highlight: Former Pakistan player Rashid Latif says Babar became captain to take revenge on Afridi