|

രോഹിത് ഇന്ത്യയുടെ ക്യാപ്റ്റനായി അധികനാള്‍ വാഴില്ല: മുന്‍ പാക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

വിരാട് കോഹ്‌ലിയില്‍ നിന്നും നായകസ്ഥാനമേറ്റെടുത്താണ് രോഹിത് ശര്‍മ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി ചുമതലയേറ്റത്. ഏറെ ഭാരിച്ച ഉത്തരവാദിത്തമാണെങ്കിലും മികച്ച രീതിയില്‍ തന്നെയാണ് രോഹിത് ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത്.

ഏഷ്യാ കപ്പിലും രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടിയിരിക്കുന്നത്.

ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങിനെ 40 റണ്‍സിനും പരാജയപ്പെടുത്തിയിരുന്നു.

എന്നാല്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ അത്ര മതിപ്പില്ലാത്ത ഒരാള്‍ താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. നായകസ്ഥാനത്ത് രോഹിത്ത് സമ്മര്‍ദ്ദത്തിലാവുകയാണെന്നാണ് മുന്‍ പാക് താരം മുഹമ്മദ് ഹഫീസ് പറയുന്നത്.

‘ടി-20 ഫോര്‍മാറ്റില്‍ മികച്ച പ്രകടനം നടത്തുന്ന രോഹിത്തിന് കഴിഞ്ഞ മത്സരത്തില്‍ ആ മികവ് പുറത്തെടുക്കാന്‍ സാധിച്ചില്ല. രോഹിത് ഒരു സമ്മര്‍ദവും കൂടാതെ സ്വതന്ത്രമായി കളിക്കുന്ന താരമാണ്.

എന്നാല്‍ ക്യാപ്റ്റന്‍ ആയതിന് ശേഷം പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടി വരുന്നതിനാല്‍ ബാറ്റിങ്ങില്‍ താരത്തിന് ശ്രദ്ധ കേന്ദ്രികരിക്കാന്‍ സാധിക്കുന്നില്ല.

രോഹിത് ടീമിന്റെ പുതിയ സമീപനങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കില്‍ കളിയില്‍ അത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നില്ല. എന്തും പറയാന്‍ എളുപ്പമാണ് പ്രാവര്‍ത്തികമാക്കാനാണ് ബുദ്ധിമുട്ട്,’ ഹഫീസ് പറയുന്നു.

രോഹിത്തിന് ഇന്ത്യന്‍ നായക സ്ഥാനത്ത് തുടരാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ഹഫീസ് പറഞ്ഞു.

‘ഞാന്‍ ഇത് പ്രവചിക്കുന്നില്ല, പക്ഷേ രോഹിത്തിന് അധികകാലം ക്യാപ്റ്റനായി തുടരാന്‍ കഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. രോഹിത് കളിയും മത്സരങ്ങളിലെ നേതൃത്വവും ആസ്വദിക്കുന്നില്ല.

ഇന്ത്യന്‍ നായകസ്ഥാനം ഏറ്റെടുത്തത് തൊട്ട് അദ്ദേഹത്തിന്റെ കളിയിലെ പെര്‍ഫോമന്‍സ് കുറഞ്ഞ് കൊണ്ടിരിക്കുകയാണ് അദ്ദേഹത്തിന് ടീമിന്റെ നായകനായിട്ടല്ലാതെ ഇനിയും ഒരുപാട് കാലം കളിക്കും,’ ഹഫീസ് പറയുന്നു.

Content Highlight: Former Pakistan player Muhammed Hafeez slams Rohit Sharma

Latest Stories