സുരക്ഷാ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളില്‍ ഇന്ത്യ കളിക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും വ്യക്തമായ ധാരണകളില്ലാതെ വാക് പോരില്‍ ഏര്‍പ്പെടുകയായിരുന്നു. മറ്റു ടീമുകള്‍ക്കില്ലാത്ത സുരക്ഷാ കാരണങ്ങളാണ് ഇന്ത്യ മുന്‍ നിര്‍ത്തുന്നതെന്നാണ് പാകിസ്ഥാന്‍ പറഞ്ഞത്.
ഇന്ത്യ പാകിസ്ഥാനോട് ഹൈബ്രിഡ് മാതൃകയില്‍ മത്സരം ദുബായില്‍ നടത്താന്‍ പറഞ്ഞിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ഇതിന് തയ്യാറായില്ലെങ്കില്‍ 2025 ചാമ്പ്യന്‍സ് ട്രോഫി സൗത്ത് ആഫ്രിക്കയിലേക്ക് മാറ്റുമെന്നാണ് പി.ടി.ഐയുടെ റിപ്പോര്‍ട്ട്.
ഇപ്പോള്‍ ബി.സി.ഐയുടെ കടുംപിടിത്തത്തിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് ആമിര്‍. ഇന്ത്യ കാരണം മറ്റുള്ള ടീമുകള്‍ക്കാണ് ബുദ്ധിമുട്ടെന്നും ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുക്കില്ലെങ്കില്‍ പകരം മറ്റൊരു ടീമിനെ ഉള്‍പ്പെടുത്തണമെന്നുമാണ് ആമിര്‍ പറഞ്ഞത്.
‘ഇത് ക്രിക്കറ്റിന്റെ നഷ്ടമാണ്, ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഒരു ടീം കാരണം നിങ്ങള്‍ക്ക് മറ്റ് ടീമുകളെ ബുദ്ധിമുട്ടിക്കാന്‍ കഴിയില്ല. ഇന്ത്യയെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കി പകരം മറ്റൊരു ടീമിനെ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. മറ്റ് ടീമുകള്‍ ഇവിടെ മത്സരിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഇന്ത്യ പാകിസ്ഥാനില്‍ കളിക്കാന്‍ വിസമ്മതിക്കുന്നത് തമാശയാണ്,
ക്രിക്കറ്റ് കാര്യങ്ങളില്‍ ഇടപെടുന്ന അവരുടെ ഗവണ്‍മെന്റിനെതിരെ നിലപാട് എടുക്കാന്‍ ഐ.സി.സിക്ക് അധികാരമുള്ള ഒരു നിയമം നിലവിലുണ്ടാകണം. മൊഹ്സിന്‍ നഖ്വി രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായതിനാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വഴിയില്‍ ഉപേക്ഷിക്കില്ല. സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി ദശലക്ഷക്കണക്കിന് ചെലവഴിച്ചതിന് ശേഷം പാകിസ്ഥാനെ അദ്ദേഹം കഷ്ടപ്പെടുത്തില്ല,’ മുഹമ്മദ് ആമിര്‍ പറഞ്ഞു.
നേരത്തെ ചാമ്പ്യന്‍സ് ട്രോഫിയുടെ ആദ്യ ഡ്രാഫ്റ്റ് ഐ.സി.സി പുറത്തുവിട്ടിരുന്നു. ഈ ഡ്രാഫ്റ്റ് പ്രകാരം ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ലാഹോറിലാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ ക്രിക്കറ്റ് ലോകത്ത് വലിയ ആശങ്കകളാണ് ഉണ്ടാക്കിയിരിക്കുന്നത്.
2008ലെ ഏഷ്യാ കപ്പിന് ശേഷം മെന്‍ ഇന്‍ ബ്ലൂ പാകിസ്ഥാനില്‍ കളിച്ചിട്ടില്ല. മാത്രമല്ല 2023ലെ ഏഷ്യാ കപ്പ് കളിക്കാനും ഇന്ത്യ വിസമ്മതിച്ചു. പാകിസ്ഥാനും ആതിഥേയരായ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈ ബ്രിഡ് രീതിയില്‍ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു.
Content Highlight: Former Pakistan player Mohammad Amir Criticize of BCCI