ഇന്ത്യ തങ്ങളുടെ ടി-20 ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത് മുതല്‍ തന്നെ പ്രശ്‌നങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ തഴഞ്ഞതിന് പിന്നാലെയായിരുന്നു ആരാധകരടക്കമുള്ളവര്‍ ബി.സി.സി.ഐക്കെതിരെ രംഗത്തെത്തിയത്.
സഞ്ജുവിന് പിന്തുണയുമായി നിരവധി പേരാണ് നേരത്തെ രംഗത്തെത്തിയിരുന്നത്. മുന്‍ പാക് സ്റ്റാര്‍ സ്പിന്നര്‍ ഡാനിഷ് കനേരിയയും സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ടീം സെലക്ഷന്‍ നടത്തുമ്പോള്‍ താരങ്ങളുടെ കഴിവാണ് പരിഗണിക്കേണ്ടതെന്നും അല്ലാതെ സീനിയര്‍ താരങ്ങളുമായി വെച്ചുപുലര്‍ത്തുന്ന ബന്ധമല്ല എന്നുമാണ് കനേരിയ പറയുന്നത്.
പന്തിന്റെ സമീപകാല പ്രകടനങ്ങള്‍ വെച്ച് നോക്കിയാല്‍ അദ്ദേഹം ഒരിക്കലും ഒരു ഓട്ടോമാറ്റിക് സെലക്ഷന്‍ ആവരുതെന്നും കനേരിയ പറയുന്നു.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കനേരിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഇന്ത്യ അവരുടെ സുഹൃത്ബന്ധങ്ങള്‍ മാറ്റി നിര്‍ത്തിയായിരിക്കണം ടീം പ്രഖ്യാപിക്കേണ്ടത്. റിഷബ് പന്ത് ഒരിക്കലും ഒരു നല്ല ടി-20 കളിക്കാരന്‍ അല്ല. അദ്ദേഹം 50 ഓവര്‍ മാച്ചിനും ടെസ്റ്റ് ക്രിക്കറ്റിനുമാണ് ഏറ്റവും അനുയോജ്യന്‍.
സഞ്ജുവാണ് പന്തിനേക്കാള്‍ എന്തുകൊണ്ടും മികച്ച ഓപ്ഷന്‍. പന്തിന്റെ സമീപകാല പ്രകടനങ്ങള്‍ ഒന്നും തന്നെ മികച്ചതായിരുന്നില്ല. ഇതിനെല്ലാം പുറമെ ദിനേഷ് കാര്‍ത്തിക്കും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്,’ കനേരിയ പറയുന്നു.
സഞ്ജുവിന് ഇന്ത്യന്‍ ടീമിലെത്താന്‍ എല്ലാ വിധത്തിലുള്ള അര്‍ഹതയും ഉണ്ടായിരുന്നുവെന്നും ഓസീസ് പിച്ചില്‍ മികച്ച ട്രാക്ക് റെക്കോഡാണ് സഞ്ജുവിന് ഉള്ളതെന്നും കനേരിയ പറയുന്നു.
‘സഞ്ജുവിന് ടീമിലെത്താന്‍ എല്ലാ അര്‍ഹതയും ഉണ്ട്. 2020 ഇന്ത്യയുടെ ഓസീസ് പര്യടനത്തില്‍ മികച്ച പ്രകടനമായിരുന്നു സഞ്ജു കാഴ്ചവെച്ചത്. അവന്റെ ഹാന്‍ഡ്-ഐ കോര്‍ഡിനേഷന്‍ ഏറെ മികച്ചതാണ്. അവന്റെ പ്ലെയിങ് സ്റ്റൈലിന് ഓസ്‌ട്രേലിയയിലെ പിച്ച് ഏറെ അനുയോജ്യമാണ്.
പന്ത് ഒരു മികച്ച കളിക്കാരന്‍ തന്നെയാണ്. പക്ഷേ, അവന്‍ ഇന്ത്യയുടെ ടി-20 ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്,’ കനേരിയ പറയുന്നു.
ലോകകപ്പിന് മുമ്പ് ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഓസ്‌ട്രേലിയ – ഇന്ത്യ ടി-20 പരമ്പരയിലും സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഇന്ത്യ വേള്‍ഡ് കപ്പ് സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്ക് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക്ക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.
Content Highlight: Former Pakistan Player Danish Kaneria slams Rishabh Pant and supports Sanju Samson