| Tuesday, 13th September 2022, 9:56 am

ശുദ്ധ തോന്ന്യവാസം, ഞാന്‍ ആയിരുന്നുവെങ്കില്‍ പന്തിന് പകരം സഞ്ജുവിനെ ടീമിലെടുത്തേനേ; ബി.സി.സി.ഐക്കെതിരെ ആഞ്ഞടിച്ച് പാക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ഏഷ്യാ കപ്പില്‍ സമ്പൂര്‍ണ പരാജയമായിട്ടും ആ സ്‌ക്വാഡില്‍ വേണ്ടത്ര അഴിച്ചുപണികളൊന്നും നടത്താതെയാണ് ബി.സി.സി.ഐ ഗ്ലോബല്‍ ഇവന്റിനുള്ള സ്‌ക്വാഡ് അനൗണ്‍സ് ചെയ്തിരിക്കുന്നത്.

പരിക്കില്‍ നിന്നും മുക്തനായ ജസ്പ്രീത് ബുംറ തിരിച്ചെത്തിയതും പരിക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജ ഇല്ലാത്തതുമാണ് ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്നും ലോകകപ്പ് സ്‌ക്വാഡിലേക്കെത്തിയപ്പോഴുണ്ടായ പ്രകടമായ മാറ്റം.

സമീപകാലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സ്‌ക്വാഡില്‍ നിന്നും പുറത്തായപ്പോള്‍ മറ്റ് ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും എന്നാല്‍ ടി-20 കളിക്കുമ്പോള്‍ സ്ഥിരമായി നിരാശപ്പെടുത്തുകയും ചെയ്യുന്ന താരങ്ങള്‍ ടീമില്‍ ഇടം നേടിയും ചെയ്തിട്ടുണ്ട്.

കളിയില്‍ ഏറെ നിര്‍ണായകമാവാന്‍ സാധ്യതയുള്ള വിക്കറ്റ് കീപ്പറുടെ റോളില്‍ സഞ്ജു സാംസണ്‍ മടങ്ങിയെത്തുമെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ റിഷബ് പന്തിനെയും വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക്കിനെയുമാണ് ഇന്ത്യ ആ ദൗത്യമേല്‍പിച്ചത്.

സ്റ്റാന്‍ഡ് ബൈ ആയിട്ടുപോലും ഇവരേക്കാള്‍ ട്രാക്ക് റെക്കോഡുള്ള സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. ഓസ്‌ട്രേലിയന്‍ പിച്ചില്‍ സഞ്ജുവിനേക്കാള്‍ മികച്ച ഓപ്ഷനില്ല എന്ന് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ആരാധകരും താരങ്ങളുമടക്കം ബി.സി.സി.ഐക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്.

സഞ്ജുവിനെ തഴഞ്ഞ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തില്‍ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം ഡാനിഷ് കനേരിയ. സഞ്ജുവിനോട് വിവേചനപരമായാണ് ബോര്‍ഡ് പെരുമാറുന്നതെന്നും, താനായിരുന്നു സെലക്ടറെങ്കില്‍ പന്തിന് പകരം സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയേനേ എന്നും കനേരിയ പറഞ്ഞു.

‘സാംസണെ ടീമില്‍ നിന്നും പുറത്താക്കുന്നത് അന്യായമാണ്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പിന് സെലക്ടര്‍മാര്‍ എന്തുതന്നെയായാലും സെലക്ടര്‍മാര്‍ അവനെ പരിഗണിക്കേണ്ടതായിരുന്നു.

അവന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റും ഉണ്ടായിരുന്നില്ല. ഓസ്‌ട്രേലിയയോടും സൗത്ത് ആഫ്രിക്കയോടും നടക്കാനിരിക്കുന്ന ടി-20 പരമ്പരയില്‍ നിന്നടക്കം അവനെ പുറത്താക്കി. ഞാന്‍ ആയിരുന്നുവെങ്കില്‍ പന്തിന് പകരം സാംസണെ ആയിരിക്കും ടീമില്‍ ഉള്‍പ്പെടുത്തുക,’ കനേരിയ പറയുന്നു.

കനേരിയക്ക് പുറമെ ആരാധകരും സഞ്ജുവിനായി രംഗത്തിത്തിയിട്ടുണ്ടായിരുന്നു.

അതേസമയം, പരിക്ക് കാരണം ഏഷ്യാ കപ്പില്‍ നിന്നും പുറത്തായ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. പരിക്കിന്റെ പിടിയിലായ ഓള്‍ റൗണ്ടര്‍ ഹര്‍ഷല്‍ പട്ടേലും ടീമിനൊപ്പമുണ്ട്.

രോഹിത്തും രാഹുലും ചേര്‍ന്ന് തുടക്കമിടുന്ന ബാറ്റിങ്ങിന് വിരാടും വെടിക്കെട്ടിന് തിരികൊളുത്തും. സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത്, എന്നിവരായിരിക്കും മിഡില്‍ ഓര്‍ഡറില്‍ ബാറ്റിങ് നയിക്കുക. ഫിനിഷിങ്ങില്‍ ദിനേഷ് കാര്‍ത്തിക്കും ഹര്‍ദിക് പാണ്ഡ്യയും അണിനിരക്കും.

ഏഷ്യാ കപ്പിനിടെ പരിക്കേറ്റ് ലോകകപ്പ് നഷ്ടമായ ജഡേജക്ക് പകരക്കാരനായി അക്സര്‍ പട്ടേലിനെ തന്നെയാവും ടീം പരിഗണിക്കുക.

പേസ് നിരയില്‍ ബുംറയുടെ പിന്നാലെ പരിചയ സമ്പന്നനായ ഭുവനേശ്വര്‍ കുമാറും യുവതാരം അര്‍ഷ്ദീപും ഹര്‍ഷല്‍ പട്ടേലും അണിനിരക്കും. അശ്വിനും ചഹലുമാകും ഇന്ത്യയുടെ സ്പിന്‍ നിരയെ നയിക്കാനുണ്ടാവുക.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ബി. കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.

സ്റ്റാന്‍ഡ്‌ബൈ പ്ലയേഴ്‌സ് – മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്ണോയ്, ദീപക് ചഹര്‍.

Content highlight: Former Pakistan player Danish Kaneria says it is  unfair to drop top performer Samson and include Pant in the T20 WC squad

We use cookies to give you the best possible experience. Learn more