ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് 2025ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് അപെക്‌സ് ബോര്‍ഡ് നേരത്തെ തീരുമാനമെടുത്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്ങ്ങളാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ ബോര്‍ഡിനെ എത്തിച്ചത്.
വസീം അക്രം, ഷഹീന്‍ അഫ്രീദി തുടങ്ങിയ നിരവധി മുന്‍ താരങ്ങള്‍ ഇന്ത്യ പാകിസ്ഥാനില്‍ വരണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ ഈ സമീപനത്തിന് മുന്‍ പാക് താരം ഹസന്‍ അലി രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്.
ചാമ്പ്യസ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുത്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്നും ഇന്ത്യയില്ലാതെ ടൂര്‍ണമെന്റ് നടത്തുമെന്നുമാണ് താരം അഭിപ്രായപ്പെടുന്നത.് മാത്രമല്ല ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കളിക്കുകയാണെങ്കില്‍ അത് പാകിസ്ഥാനിലെ കളിക്കൂ എന്നും, ഇന്ത്യ കളിച്ചില്ലെങ്കില്‍ ക്രിക്കറ്റ് അവസാനിച്ചു എന്ന് കരുതേണ്ട എന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങളുടെ (പി.സി.ബി) ചെയര്‍മാന്‍ പറഞ്ഞതുപോലെ, ചാമ്പ്യന്‍സ് ട്രോഫി നടക്കുകയാണെങ്കില്‍, അത് പാകിസ്ഥാനിലായിരിക്കും. ഇന്ത്യ വരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ അവരില്ലാതെ കളിക്കും. കളിക്കണമെങ്കില്‍ അവര്‍ പാകിസ്ഥാനില്‍ കളിക്കണം, ഇന്ത്യ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, ക്രിക്കറ്റ് അവസാനിച്ചു എന്ന് കരുതണ്ട. ഇന്ത്യയെ കൂടാതെ മറ്റ് നിരവധി ടീമുകളുണ്ട്,’ ഹസന്‍ അലി സമാ ടി.വിയില്‍ പറഞ്ഞു.
ദുബായ്, ശ്രീലങ്ക പോലുള്ള ന്യൂട്രല്‍ വേദികളില്‍ ഇന്ത്യയുടെ മത്സരം നടത്തണമെന്ന് ഐ.സി.സിയോട് ബി.സി.സി.ഐ ആവശ്യപ്പെട്ടതായി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഏഷ്യാ കപ്പിലും ഇന്ത്യ സമാന നിലപാടാണ് സ്വീകരിച്ചത്.
Content Highlight: Former Pakistan Player Criticize India