അവരെ ഏകദിന ടീമിലെടുക്കാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയായത്: മുൻ പാക് താരം
Cricket
അവരെ ഏകദിന ടീമിലെടുക്കാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയായത്: മുൻ പാക് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th August 2024, 9:09 am

ഇന്ത്യ-ശ്രീലങ്ക മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ശ്രീലങ്ക സ്വന്തമാക്കിയിരുന്നു. അവസാന മത്സരത്തില്‍ 110 റണ്‍സിന്റെ കൂറ്റന്‍ വിജയമായിരുന്നു ശ്രീലങ്ക നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 26.1 ഓവറില്‍ 138 റണ്‍സിന് പുറത്താവുകയായിരുന്നു. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീട് നടന്ന രണ്ട് മത്സരവും വിജയിച്ചുകൊണ്ട് ശ്രീലങ്ക പരമ്പര വിജയം ഉറപ്പാക്കുകയായിരുന്നു.

സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ ടി-20 പരമ്പര ഒരു മത്സരം പോലും പരാജയപ്പെടാതെ 3-0ത്തിന് സ്വന്തമാക്കിയ ആത്മവിശ്വാസവുമായി വന്ന ഇന്ത്യയ്ക്ക് ഏകദിനത്തില്‍ പിഴക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിരയില്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്താതെ പോയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

ഇപ്പോഴിതാ ഏകദിന പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ സെലക്ഷനിലുണ്ടായ പിഴവുകളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി. സൂര്യകുമാര്‍ യാദവിനെയും യശസ്വി ജെയ്സ്വാളിനെയും ഏകദിന സ്‌ക്വാഡില്‍ തെരഞ്ഞെടുക്കാത്തതാണ് ഇന്ത്യ വരുത്തിയ വലിയ തെറ്റെന്നാണ് മുന്‍ പാക് താരം പറഞ്ഞത്.

‘ശുഭ്മന്‍ ഗില്ലിനേക്കാള്‍ മികച്ച താരം യശസ്വി ജെയ്‌സ്വാളാണെന്ന് ഈ പരമ്പര തെളിയിച്ചു. ജെയ്സ്വാളിനെയും സൂര്യകുമാര്‍ യാദവിനെയും ഏകദിന ടീമില്‍ തെരഞ്ഞെടുക്കാത്തത് ടീമിന്റെ സെലക്ടര്‍മാരുടെ വലിയ അബദ്ധമായിരുന്നു,’ ബാസിത് അലി പറഞ്ഞു.

പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒഴികെയുള്ള ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോവുകയായിരുന്നു. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും 157 റണ്‍സാണ് രോഹിത് നേടിയത്.

ഇനി ഇന്ത്യന്‍ ടീമിന്റെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് സീരീസില്‍ ഉള്ളത്. സെപ്റ്റംബര്‍ 19നാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീം കളത്തിലറങ്ങുമ്പോള്‍ ശ്രീലങ്കക്കെതിരെയുള്ള പിഴവുകളെല്ലാം മറികടന്നുകൊണ്ട് ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

 

Content Highlight: Former Pakistan Player Basit Ali Talks About Indian Cricket Team Selection